07/03/2026
[fontresizer_tawhidurrahmandear_widget]

ആശ്വാസവാർത്ത! ഗൾഫ് രാജ്യങ്ങളിലെ ആക്രമണം നിർത്തിയെന്ന് ഇറാൻ

 ആശ്വാസവാർത്ത! ഗൾഫ് രാജ്യങ്ങളിലെ ആക്രമണം നിർത്തിയെന്ന് ഇറാൻ

തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ പ്രവാസികൾക്കും ഗൾഫ് രാജ്യങ്ങൾക്കും ആശ്വാസവാർത്ത. അയൽരാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തിയെന്ന് വ്യക്തമാക്കി ഇറാൻ. ഗൾഫ് രാജ്യങ്ങളുടെ മണ്ണിൽനിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണമുണ്ടായാലല്ലാത്തെ ഇനി അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമാക്കിയുണ്ടായ ആക്രമണത്തിലുണ്ടായ ബുദ്ധിമുട്ടുകളിൽ മാപ്പപേക്ഷിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

ടെലിവിഷൻ സന്ദേശത്തിലൂടെയാണ് പെസെഷ്‌കിയാൻ പ്രഖ്യാപനം നടത്തിയത്. ഇറാന്റെ താൽക്കാലിക നേതൃത്വ സമിതിയാണ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് നിർത്താൻ തീരുമാനിച്ചിരിക്കുന്നത്.

അയൽരാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണമോ മിസൈൽ വിക്ഷേപണമോ ഉണ്ടാകില്ല. മറ്റ് രാജ്യങ്ങളിൽ അധിനിവേശം നടത്താൻ ഇറാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, അയൽരാജ്യങ്ങളുടെ മണ്ണിൽനിന്ന് ഇറാനുനേരെ ആക്രമണം ഉണ്ടായാൽ മാത്രം ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

യുദ്ധസാഹചര്യത്തിൽ അയൽരാജ്യങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ഇറാൻ പ്രസിഡന്റ് ഔദ്യോഗികമായി മാപ്പപേക്ഷിച്ചു. അതേസമയം, അമേരിക്കയുടെയും ഇസ്രയേലിന്റെയും നിരുപാധിക കീഴടങ്ങൽ എന്ന ആവശ്യം അദ്ദേഹം തള്ളി. ഇറാൻ കീഴടങ്ങുമെന്നത് അവരുടെ വെറും സ്വപ്നം മാത്രമാണെന്നും അത് നടക്കില്ലെന്നും പെസെഷ്‌കിയാൻ വ്യക്തമാക്കി.

Also read: