യുദ്ധം കടുക്കുന്നു: ഖത്തർ ഗ്യാസ് ഹബ്ബിന് നേരെ മിസൈലാക്രമണം; വിമാന സർവീസുകൾ റദ്ദാക്കി
ദോഹ: മിഡിൽ ഈസ്റ്റിലെ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഖത്തറിന്റെ വടക്കൻ തീരത്തുള്ള പ്രധാന ഊർജ്ജ കേന്ദ്രമായ റാസ് ലഫാൻ വ്യവസായ നഗരത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. ആക്രമണത്തിൽ ഗ്യാസ് പ്ലാന്റിന് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും തീപിടുത്തമുണ്ടായതായും ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇസ്രയേൽ തങ്ങളുടെ ഇന്റലിജൻസ് മേധാവി എസ്മായിൽ ഖത്തീബിനെ വധിച്ചതിന് പകരമായാണ് ഇറാൻ ഈ നീക്കം നടത്തിയത്.
ഖത്തറിന് പുറമെ യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യമിട്ടു. അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിന് നേരെ വന്ന മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അബുദാബിയിലെ പ്ലാന്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിൽ എത്തിയ ഡ്രോണുകളും മിസൈലുകളും റിയാദിന് സമീപം തകർത്തു വീഴ്ത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇറാൻ നടത്തുന്നതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
യുദ്ധം ശക്തമായതോടെ ആഗോള എണ്ണ വിപണിയിൽ വില കുതിച്ചുയരുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടത് ആശങ്ക വർധിപ്പിക്കുന്നു. സംഘർഷ പശ്ചാത്തലത്തിൽ പ്രമുഖ വിമാനക്കമ്പനിയായ കാത്തി പസഫിക് ദുബൈയിലേക്കുള്ള സർവീസുകൾ ഏപ്രിൽ 30 വരെ റദ്ദാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യം ചർച്ച ചെയ്യാൻ യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ഫോണിൽ സംസാരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഇറാന്റെ ഭീഷണി ഗൾഫ് രാജ്യങ്ങളെ കടുത്ത ജാഗ്രതയിലാക്കിയിരിക്കുകയാണ്.