ഇറാൻ യുദ്ധകാലത്ത് കുതിച്ചുയർന്നത് സ്വർണമല്ല, ഡോളറുമല്ല; നിക്ഷേപകർ ഒഴുകുന്നത് ഇതിലേക്ക്
ന്യൂഡൽഹി: ആഗോള വിപണികൾ യുദ്ധഭീതിയിൽ പ്രക്ഷുബ്ധമായിരിക്കുമ്പോഴും നിക്ഷേപകർക്കിടയിൽ അപ്രതീക്ഷിത കുതിപ്പുമായി ബിറ്റ്‌കോയിൻ. ഇറാൻ സംഘർഷത്തെത്തുടർന്ന് എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളും ഓഹരി വിപണിയിലെ തകർച്ചയും നിക്ഷേപകരെ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. എന്നാൽ പതിവ് രീതികളിൽ നിന്ന് വിഭിന്നമായി സ്വർണത്തേക്കാളും യുഎസ് ഡോളറിനേക്കാളും ഇത്തവണ നേട്ടമുണ്ടാക്കിയത് ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിനാണ്.
ഫെബ്രുവരി 28-ന് ഇറാനിൽ സംഘർഷം ആരംഭിച്ചതിനുശേഷം ബിറ്റ്‌കോയിൻ മൂല്യം 72,000 ഡോളർ കടന്നതായി ഇൻവെസ്റ്റോപീഡിയ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 10 ശതമാനത്തോളം വർധനവാണ് ചുരുങ്ങിയ കാലയളവിൽ ഉണ്ടായത്. പരമ്പരാഗതമായി പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണമാണ് സുരക്ഷിത നിക്ഷേപമായി കരുതപ്പെടാറുള്ളതെങ്കിലും, ഇത്തവണ സ്വർണവില ഔൺസിന് 5,000-5,200 ഡോളർ പരിധിയിൽ തങ്ങിനിൽക്കുകയാണ്. ശക്തമായ യുഎസ് ഡോളറും ഉയർന്ന പലിശ നിരക്കും സ്വർണത്തിന്റെ തിളക്കം കുറച്ചു.
എന്തുകൊണ്ട് ബിറ്റ്‌കോയിൻ?
ബാങ്കുകളുടേയോ സർക്കാരുകളുടേയോ നിയന്ത്രണമില്ലാതെ അതിർത്തികൾക്കപ്പുറത്തേക്ക് തൽക്ഷണം മാറ്റാൻ കഴിയുന്ന ‘മൂബിലിറ്റി’യാണ് ബിറ്റ്‌കോയിനെ ഈ ഘട്ടത്തിൽ ആകർഷകമാക്കുന്നത്. ബാങ്കിങ് സംവിധാനങ്ങൾ തടസ്സപ്പെടുകയും കറൻസികൾ മരവിപ്പിക്കപ്പെടുകയും ചെയ്യുന്ന യുദ്ധസാഹചര്യങ്ങളിൽ സ്വയം കസ്റ്റഡിയിൽ സൂക്ഷിക്കാവുന്ന ബിറ്റ്‌കോയിൻ മികച്ചൊരു പകരക്കാരനായി നിക്ഷേപകർ കാണുന്നു.
ഫാർസൈഡ് ഇൻവെസ്റ്റേഴ്സിന്റെ കണക്കുകൾ പ്രകാരം, യുദ്ധം തുടങ്ങിയ ശേഷം ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട ഫണ്ടുകളിലേക്ക് 1.1 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഒഴുകിയത്. എന്നാൽ ബിറ്റ്‌കോയിന്റെ ചാഞ്ചാട്ടം കണക്കിലെടുത്ത് ഇതിനെ ഒരു സുരക്ഷിത നിക്ഷേപമായി പൂർണമായും വിശ്വസിക്കാനാവില്ലെന്നാണ് ഒരു വിഭാഗം വിദഗ്ദ്ധരുടെ പക്ഷം. എങ്കിലും, മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ കാലത്തെ ഡിജിറ്റൽ സ്വർണമായി ബിറ്റ്‌കോയിൻ മാറുന്നതിന്റെ സൂചനയാണിതെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു.