‘നെതന്യാഹു ബാക്കിയുണ്ടെങ്കിൽ വേട്ടയാടിക്കൊല്ലും’; വധഭീഷണി മുഴക്കി ഇറാൻ വിപ്ലവ ഗാർഡ്
തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അതീവ സംഘർഷഭരിതമായ തലത്തിലേക്ക് മാറുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കുമെന്ന് ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) പരസ്യമായി പ്രഖ്യാപിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ വധിച്ചതിന് പ്രതികാരമായി നെതന്യാഹുവിനെ ലോകത്തിന്റെ ഏത് കോണിലായാലും വേട്ടയാടി ഇല്ലാതാക്കുമെന്നാണ് ഐആർജിസി നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
‘കുഞ്ഞുങ്ങളെ കൊല്ലുന്ന ഈ ക്രിമിനൽ ജീവനോടെ ബാക്കിയുണ്ടെങ്കിൽ സർവശക്തിയും ഉപയോഗിച്ച് വേട്ടയാടി ഇല്ലാതാക്കും’-ഐആർജിസി മുന്നറിയിപ്പ് നൽകി. ഇറാൻ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെട്ടെന്നും പരിക്കേറ്റെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇറാൻ മാധ്യമങ്ങൾ തന്നെ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതെല്ലാം വ്യാജവാർത്തകളാണെന്നും നെതന്യാഹു സുരക്ഷിതനാണെന്നും ഇസ്രയേലിന്റെ വിശദീകരണം വന്നതിനു പിന്നാലെയാണ് ഐആർജിസി പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫെബ്രുവരി 28-ന് തെഹ്റാനിലുണ്ടായ അമേരിക്കൻ-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ സൈന്യം കടുത്ത പ്രത്യാക്രമണങ്ങളാണ് നടത്തിവരുന്നത്. ഇതിനിടയിലാണ് ഇസ്രയേൽ പ്രധാനമന്ത്രിയെത്തന്നെ നേരിട്ട് വധിക്കുമെന്ന ഭീഷണി ഉയർന്നിരിക്കുന്നത്.
ഖാംനഇയുടെ വധത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും ആസൂത്രണം ചെയ്തവർക്കും ഒരിടത്തും സുരക്ഷിതരായിരിക്കാൻ കഴിയില്ലെന്ന് ഐആർജിസി വ്യക്തമാക്കി. നെതന്യാഹുവിനെ പിന്തുടരുകയും വധിക്കുകയും ചെയ്യുക എന്നത് തങ്ങളുടെ സൈനിക ലക്ഷ്യമായി മാറിയിരിക്കുകയാണെന്ന് അവർ അറിയിച്ചു.
ശത്രുക്കളെ ലോകത്തിന്റെ ഏത് ഭാഗത്തുവെച്ചും ഇല്ലാതാക്കിയ ചരിത്രം തങ്ങൾക്കുണ്ടെന്ന് ഇറാൻ ഓർമിപ്പിച്ചു. മുൻപ് യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും ഇത്തരത്തിൽ പ്രതികാര നടപടികൾ സ്വീകരിച്ചിട്ടുള്ളത് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസ്സയിലെയും ഇറാന്റെയും വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണങ്ങളിൽ കുട്ടികൾ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിനെ ‘ശിശുഹത്യ നടത്തുന്ന ക്രിമിനൽ’ എന്ന് ഇറാൻ വിശേഷിപ്പിച്ചത്.
ഇറാന്റെ വധഭീഷണിയെ ഗൗരവമായി കാണുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും സുരക്ഷ അതീവ കർശനമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ബങ്കറുകളിലേക്ക് മാറിയെന്ന വാർത്തകൾ ഇസ്രയേൽ തള്ളിക്കളഞ്ഞു. ഇത്തരം ഭീഷണികൾ കൊണ്ട് ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങൾ തകർക്കാനുള്ള ‘ഓപറേഷൻ റോറിങ് ലയൺ’ എന്ന സൈനിക നീക്കത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ ആവർത്തിച്ചു.
യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ പശ്ചിമേഷ്യ ഒരു വലിയ പൊട്ടിത്തെറിയുടെ വക്കിലാണ്.