ഇറാൻ സൈനികർക്ക് ഇസ്രയേലിൽനിന്ന് അജ്ഞാത ഫോൺ വിളികൾ; ആഭ്യന്തര കലാപം ലക്ഷ്യമിട്ട് മൊസാദിന്റെ പുതിയ നീക്കം
തെൽ അവീവ്/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അതിനിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇറാൻ സൈനികർക്കും ഉദ്യോഗസ്ഥർക്കും ഇടയിൽ ആഭ്യന്തര കലഹം സൃഷ്ടിക്കാൻ പുതിയ തന്ത്രവുമായി ഇസ്രയേൽ. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്(ഐആർജിസി) ഉദ്യോഗസ്ഥരെയും സൈനിക കമാൻഡർമാരെയും നേരിട്ട് ഫോണിൽ വിളിച്ച് ഇസ്രയേൽ ഭീഷണിപ്പെടുത്തുന്നതായും ഭരണകൂടത്തിനെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘വാൾസ്ട്രീറ്റ് ജേണലാ’ണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഇറാന്റെ സൈനിക തലപ്പത്തുള്ളവർക്കും മധ്യനിരയിലുള്ള ഉദ്യോഗസ്ഥർക്കുമാണ് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിൽനിന്ന് അജ്ഞാത കോളുകൾ വരുന്നത്. ‘നിങ്ങളുടെ ഭരണകൂടം തകരാൻ പോകുന്നു. അവരെ ഉപേക്ഷിച്ച് ജനങ്ങൾക്കൊപ്പം നിൽക്കൂ. അല്ലെങ്കിൽ അടുത്ത ലക്ഷ്യം നിങ്ങളായിരിക്കും’-ഇങ്ങനെയാണ് ഫോണിലൂടെയുള്ള മുന്നറിയിപ്പ്.
ഇറാനിലെ സാധാരണ ജനങ്ങൾക്കിടയിൽ പുതുവത്സര(നൗറൂസ്) ആശംസകൾ നേർന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംസാരിച്ചതിന് പിന്നാലെയാണ് സൈന്യത്തെ ലക്ഷ്യമിട്ടുള്ള ഈ നീക്കം. ഇറാൻ സൈന്യത്തിനുള്ളിൽ തന്നെ ഭിന്നതയുണ്ടാക്കി ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം.
അതീവ രഹസ്യമായി സൂക്ഷിച്ചിട്ടുള്ള സൈനിക ഉദ്യോഗസ്ഥരുടെ വ്യക്തിഗത ഫോൺ നമ്പറുകൾ ഇസ്രയേലിന് ലഭിക്കുന്നത് ഇറാൻ ഭരണകൂടത്തെ ഞെട്ടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സൈനിക ഇന്റലിജൻസിനുള്ളിൽ ഇസ്രയേൽ ചാരന്മാർ പിടിമുറുക്കിയതിന്റെ തെളിവായിട്ടാണ് ഇതിനെ കാണുന്നത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിന് പിന്നാലെ മകൻ മുജ്താബ ഖാംനഇ അധികാരം ഏറ്റെടുത്തതിനെതിരെ സൈന്യത്തിനുള്ളിൽ തന്നെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് ഇസ്രയേൽ വിലയിരുത്തുന്നത്. ഈ സാഹചര്യം മുതലെടുക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്.
ഇതിനിടെ, ഇസ്രയേലിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഇറാൻ ഒരു യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു. ഇസ്രയേലിന്റെ ഈ പുതിയ തന്ത്രം ഇറാൻ സൈന്യത്തിന്റെ ആത്മവീര്യം തകർക്കുമോ അതോ പ്രത്യാക്രമണം ശക്തമാക്കാൻ അവരെ പ്രേരിപ്പിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.