04/03/2026
[fontresizer_tawhidurrahmandear_widget]

മുൻ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്‌ണൻ അന്തരിച്ചു

 മുൻ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്‌ണൻ അന്തരിച്ചു

കോഴിക്കോട്:മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വടകര ലോക്‌സഭാ മണ്ഡലത്തെ തുടർച്ചയായി ആറ് തവണ (1971 മുതൽ 1996 വരെ) പ്രതിനിധീകരിച്ച അദ്ദേഹം പാർലമെന്ററി രംഗത്തെ പ്രഗത്ഭനായിരുന്നു. 1989-90 കാലഘട്ടത്തിൽ വി.പി സിങ് മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, ടെലി കമ്മ്യൂണിക്കേഷൻ, ഷിപ്പിങ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചു.

​1936 സെപ്റ്റംബർ 20-ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലായിരുന്നു ജനനം. ചെന്നൈ ക്രിസ്ത്യൻ കോളേജ്, ഗവൺമെന്റ് ലോ കോളേജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാർത്ഥി കാലഘട്ടത്തിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് 1960-ൽ കോൺഗ്രസിൽ ചേർന്നു. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം പിന്നീട് അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് പാർട്ടി വിടുകയും കോൺഗ്രസ് (യു), കോൺഗ്രസ് (എസ്) എന്നീ വിഭാഗങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു. 1995-ലാണ് അദ്ദേഹം വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്.

​രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് ബോഫോഴ്‌സ് അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഗൾഫ് യുദ്ധകാലത്ത് പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് അദ്ദേഹം നേതൃത്വം നൽകി.

പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം മികച്ച ഒരു എഴുത്തുകാരൻ കൂടിയായിരുന്നു. സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ച ശേഷം ന്യൂഡൽഹിയിലും പിന്നീട് കോഴിക്കോട് പന്നിയങ്കരയിലുള്ള തറവാട്ടു വീട്ടിലുമായിരുന്നു താമസം. അമൃത ഉണ്ണികൃഷ്ണനാണ് ഭാര്യ. രണ്ട് പെൺമക്കളുണ്ട്.

Also read: