പെൻഷനും ശമ്പളത്തിനും പണമില്ല; 3,700 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും നിത്യനിദാന ചെലവുകൾക്കായി സംസ്ഥാന സർക്കാർ വീണ്ടും വായ്പയെടുക്കുന്നു. 3,700 കോടി രൂപ കടമെടുക്കാനാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഇതിനായുള്ള ലേലം ഈ മാസം 24-ന് നടക്കും. പുതിയ വായ്പ കൂടി എത്തുന്നതോടെ ഈ സാമ്പത്തിക വർഷത്തെ ആകെ കടബാധ്യത 49,547 കോടി രൂപയായി കുതിച്ചുയരും.
സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കരാറുകാർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കാനും ശമ്പളം, പെൻഷൻ എന്നിവ തടസ്സമില്ലാതെ വിതരണം ചെയ്യാനുമാണ് ഈ തുക വിനിയോഗിക്കുക. നികുതി വരുമാനത്തിന് പുറമെ പ്രതിമാസം രണ്ടായിരം കോടി രൂപയെങ്കിലും അധികമായി ആവശ്യമായ സാഹചര്യത്തിലാണ് സർക്കാർ വീണ്ടും വായ്പയെ ആശ്രയിക്കുന്നത്.
ബജറ്റിന് പുറമെ കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകൾ കണക്കിലെടുത്ത് കേന്ദ്ര സർക്കാർ നേരത്തെ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിരുന്നു. ഇതോടെ പ്രതിമാസം വായ്പയെടുക്കാവുന്ന തുക ശരാശരി 2,200 കോടിയായി ചുരുങ്ങിയത് പ്രതിസന്ധി ഇരട്ടിയാക്കി. വായ്പാ പരിധി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി കെ.എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രിയെ കണ്ടിരുന്നെങ്കിലും ഇതുവരെ അനുകൂല നടപടികൾ ഉണ്ടായിട്ടില്ല. ഖജനാവ് കാലിയാണെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും വായ്പയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാനം.