02/04/2026
[fontresizer_tawhidurrahmandear_widget]

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം; ബെംഗളൂരിൽ ഹോട്ടലുകൾ അടച്ചിടേണ്ടി വരുമെന്ന് ഉടമകളുടെ സംഘടന

 എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം; ബെംഗളൂരിൽ ഹോട്ടലുകൾ അടച്ചിടേണ്ടി വരുമെന്ന് ഉടമകളുടെ സംഘടന

ബെംഗളൂരു: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെത്തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതോടെ ബെംഗളൂരുവിലെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. വിതരണം അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കിൽ നഗരത്തിലെ റെസ്റ്റോറന്റുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

ഇന്നലെ മുതൽ ഹോട്ടലുകളിലേക്കുള്ള വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം പൂർണമായും നിലച്ചതായി അസോസിയേഷൻ പ്രസിഡന്റ് പി.സി റാവു അറിയിച്ചു. 70 ദിവസത്തേക്ക് തടസ്സമില്ലാത്ത വിതരണം എണ്ണക്കമ്പനികൾ ഉറപ്പുനൽകിയിരുന്നെങ്കിലും പെട്ടെന്നുണ്ടായ മാറ്റം വ്യവസായത്തെ സാരമായി ബാധിച്ചു. ഇന്ന് ഹോട്ടലുകൾ പ്രവർത്തിക്കുമെങ്കിലും, വരും ദിവസങ്ങളിൽ വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഭക്ഷണശാലകൾ അടച്ചിടുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നിത്യഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളെ ഇത് ദുരിതത്തിലാക്കും.

ഈ മാസം ഏഴ് മുതൽ വാണിജ്യ സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നത് നിർത്തിവച്ചിരിക്കുകയാണെന്ന് ഹോട്ടലുടമ എസ്.പി കൃഷ്ണരാജ് വ്യക്തമാക്കി. നിലവിൽ ഗാർഹിക ഉപഭോക്താക്കൾക്കാണ് മുൻഗണന നൽകുന്നതെന്നും വാണിജ്യ ആവശ്യത്തിനുള്ള വിതരണം വൈകുമെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. പ്രശ്നപരിഹാരത്തിനായി കേന്ദ്ര സർക്കാരും ബന്ധപ്പെട്ട മന്ത്രിമാരും അടിയന്തരമായി ഇടപെടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

എൽപിജി പ്രതിസന്ധിക്കിടയിൽ സിലിണ്ടർ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രൂക്ഷമായി വിമർശിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വർദ്ധിപ്പിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിതരണത്തിലെ തടസ്സത്തിനൊപ്പം അമിത വിലവർധനവ് കൂടി ഏർപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: