29/03/2026
[fontresizer_tawhidurrahmandear_widget]

ഇവന്റ് മാനേജ്‌മെന്റിന്റെ മറവിൽ ലഹരി വിൽപന; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ

 ഇവന്റ് മാനേജ്‌മെന്റിന്റെ മറവിൽ ലഹരി വിൽപന; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ

കൊച്ചി: നഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന വൻ ലഹരി മരുന്ന് വേട്ടയിൽ യുവതികൾ ഉൾപ്പെടെ എട്ടുപേരെ പൊലീസ് പിടികൂടി. പിടിയിലായവരിൽ ദന്തഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്‌മെന്റ് ഉടമ എന്നിവരും ഉൾപ്പെടുന്നു. രഹസ്യവിവരത്തെത്തുടർന്ന് കടവന്ത്ര പൊലീസും ഡാൻസാഫ് (DANSAF) സംഘവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

തിരുവനന്തപുരം സ്വദേശിയും ഇവന്റ് മാനേജ്‌മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ, കലൂർ സ്വദേശി ഓസ്റ്റിൻ ജോസ്, അഭിഭാഷകനായ രോഹിത് നായർ, കൊടുങ്ങല്ലൂർ സ്വദേശി ജിനോ മുരളി, നൂറനാട് സ്വദേശിയായ ന്യൂട്രീഷനിസ്റ്റ് അക്ബർ ഷാ, ദന്തഡോക്ടർ ബെൻസി റാവുത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്‌തലവി ഫാത്തിമ, ഏവിയേഷൻ വിദ്യാർത്ഥി അമൽ റൗഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയ്ൻ, മെത്താഫിറ്റമിൻ, എക്സ്റ്റസി പിൽസ് തുടങ്ങിയ മാരക ലഹരിമരുന്നുകൾ പിടിച്ചെടുത്തു.

ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ മറവിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ലഹരിമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനിയാണ് ഷാജി ഫെർണാണ്ടോ എന്ന് പൊലീസ് അറിയിച്ചു. കടവന്ത്ര എസ്.എച്ച്.ഒ ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. നഗരത്തിലെ ഉന്നതർക്കിടയിലേക്കും ലഹരി ശൃംഖല വ്യാപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Also read: