28/03/2026
[fontresizer_tawhidurrahmandear_widget]

ബംഗാളിൽ തീപാറുന്ന പോരാട്ടം; ഭബാനിപൂരിൽ മമതയെ നേരിടാൻ സുവേന്ദു അധികാരി, നന്ദിഗ്രാം വിട്ട് ദീദി

 ബംഗാളിൽ തീപാറുന്ന പോരാട്ടം; ഭബാനിപൂരിൽ മമതയെ നേരിടാൻ സുവേന്ദു അധികാരി, നന്ദിഗ്രാം വിട്ട് ദീദി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്ന വമ്പൻ പോരാട്ടത്തിന് കൊൽക്കത്ത വേദിയാകുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ തട്ടകമായ തെക്കൻ കൊൽക്കത്തയിലെ ഭബാനിപൂരിൽ ബിജെപി സ്ഥാനാർത്ഥിയായി സുവേന്ദു അധികാരി മത്സരിക്കും. ഇതോടെ ഒരിക്കൽ വിശ്വസ്തരായിരുന്നവർ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി ബംഗാൾ തെരഞ്ഞെടുപ്പ് മാറി. 291 സ്ഥാനാർത്ഥികളുടെ പട്ടിക തൃണമൂൽ പുറത്തുവിട്ടപ്പോൾ, കഴിഞ്ഞ തവണ പരാജയപ്പെട്ട നന്ദിഗ്രാമിൽ ഇത്തവണ മമത മത്സരിക്കില്ലെന്നത് ശ്രദ്ധേയമാണ്. പകരം സുവേന്ദുവിന്റെ മുൻ സഹായിയായിരുന്ന പബിത്ര കറിനെയാണ് നന്ദിഗ്രാമിൽ തൃണമൂൽ അണിനിരത്തുന്നത്.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമർശനവുമായി മമത രംഗത്തെത്തി. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് പിന്നാലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന കമ്മീഷന്റെ നടപടി ബിജെപി ഓഫീസിൽ നിന്ന് നൽകിയ പട്ടിക പ്രകാരമാണെന്ന് അവർ ആരോപിച്ചു. ഏജൻസികളെ ദുരുപയോഗം ചെയ്യാതെ രാഷ്ട്രീയമായി പോരാടാൻ ബിജെപിയെ വെല്ലുവിളിച്ച മമത, ഇത്തവണ തൃണമൂൽ 226 സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബംഗാളിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടമാണിതെന്നും ഡൽഹിയിൽ നിന്നുള്ള ശക്തികൾക്ക് മുന്നിൽ ബംഗാൾ തലകുനിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു. ഏപ്രിൽ 23, 29 തീയതികളിലാണ് നിർണ്ണായകമായ വോട്ടെടുപ്പ് നടക്കുന്നത്.

Also read: