ഭാര്യയെ ശല്യം ചെയ്ത യുവാവിനെ വിളിച്ചുവരുത്തി മർദിച്ചുകൊന്നു; ദമ്പതിമാർ കസ്റ്റഡിയിൽ
ചാത്തന്നൂർ: ഭാര്യയെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്ത യുവാവിനെ തന്ത്രപൂർവ്വം വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. കൊട്ടിയം നടുവിലക്കര ദിലീപ്ഭവനിൽ ദിലീപ് (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30), ഭാര്യ സോന എന്നിവരെ ചാത്തന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സോനയ്ക്ക് ദിലീപ് ഫോണിൽ നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നതിനെത്തുടർന്നുണ്ടായ തർക്കം സംസാരിച്ച് തീർക്കാനെന്ന വ്യാജേനയാണ് വരുൺ ദിലീപിനെ വിളിച്ചുവരുത്തിയത്. ഇന്നലെ രാവിലെ ഉളിയനാടുള്ള സുഹൃത്തിന്റെ വാടകവീട്ടിലെത്തിയ ദിലീപിനെ പ്രതികൾ ക്രൂരമായ മർദനത്തിന് ഇരയാക്കുകയായിരുന്നു.
മർദനമേറ്റ് അവശനായി വീണ ദിലീപിനെ പ്രതികൾ തന്നെയാണ് കല്ലുവാതുക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായ ക്ഷതങ്ങൾ കണ്ടെത്തിയതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി ദമ്പതിമാരെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വരുണുമായി ഉളിയനാട് അപ്പൂപ്പൻക്കാവിന് സമീപത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വരുണിന്റെ സുഹൃത്ത് ബാലു വാടകയ്ക്ക് താമസിക്കുന്ന വീടാണിത്. പോലീസ് ഈ വീട് പൂട്ടി സീൽ ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ദിലീപിന്റെ മൃതദേഹം ശാസ്ത്രീയ പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.