എം.ടി രമേശിനും കുമ്മനം രാജശേഖരനും ബി. ഗോപാലകൃഷ്ണനും സീറ്റില്ല; പ്രമുഖരെ തഴഞ്ഞതിൽ ബിജെപിയിൽ പൊട്ടിത്തെറി
കൊച്ചി: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ബിജെപി സംസ്ഥാന നേതൃത്വത്തിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എം.ടി രമേശ്, ബി. ഗോപാലകൃഷ്ണൻ, കുമ്മനം രാജശേഖരൻ തുടങ്ങിയ പ്രമുഖ നേതാക്കളെ ആദ്യ പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ് പാർട്ടിയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. വിജയസാധ്യതയുള്ള മണ്ഡലങ്ങൾ ട്വന്റി-20 അടക്കമുള്ള ഘടകകക്ഷികൾക്ക് ‘താലത്തിൽ വെച്ച്’ നൽകിയതിനെതിരെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തി.
ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലം ട്വന്റി-20-ക്ക് വിട്ടുനൽകിയതും, സന്ദീപ് വാചസ്പതിയെ ഹരിപ്പാട്ടേക്ക് മാറ്റിയതും പ്രാദേശികമായി വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്. പതിറ്റാണ്ടുകളായി പാർട്ടി കെട്ടിപ്പടുത്ത മണ്ഡലങ്ങൾ വേണ്ടത്ര സ്വാധീനമില്ലാത്ത കക്ഷികൾക്ക് നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് ഒരു വിഭാഗം നേതാക്കൾ കേന്ദ്ര നേതൃത്വത്തെയും ആർ.എസ്.എസിനെയും അറിയിച്ചു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്ന സ്ട്രാറ്റജി മീറ്റിംഗുകളിൽ നിന്ന് മുതിർന്ന നേതാക്കളെ മാറ്റിനിർത്തി, വിദേശമലയാളികൾക്ക് മുൻഗണന നൽകുന്നതിനെതിരെയും ആക്ഷേപമുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തവർ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നാണ് പ്രധാന വിമർശനം. കെ. സുരേന്ദ്രൻ പക്ഷം സീറ്റുകൾ വാരിക്കോരി നൽകിയെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ബിജെപിയിൽ കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടായേക്കാം.