04/04/2026
[fontresizer_tawhidurrahmandear_widget]

നെന്മാറ ഇരട്ടക്കൊലക്കേസ്: വിചാരണയ്ക്കിടെ ചെന്താമരയുടെ ബന്ധുക്കളും അയൽവാസിയും മൊഴിമാറ്റി

 നെന്മാറ ഇരട്ടക്കൊലക്കേസ്: വിചാരണയ്ക്കിടെ ചെന്താമരയുടെ ബന്ധുക്കളും അയൽവാസിയും മൊഴിമാറ്റി

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ വിചാരണ നടപടികൾ പുരോഗമിക്കവെ നിർണ്ണായക സാക്ഷികൾ കോടതിയിൽ മൊഴി മാറ്റി. മുഖ്യപ്രതി ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ, ഭാര്യ രമ, അയൽവാസി പൊന്നുകുട്ടി എന്നിവരാണ് നേരത്തെ പോലീസിന് നൽകിയ മൊഴികളിൽ നിന്നും കോടതിയിൽ പിന്മാറിയത്. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് നിലവിൽ വിചാരണ നടക്കുന്നത്.

കൊലപാതകം നടക്കുന്നതിന് തലേദിവസം ചെന്താമര തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന് രാധാകൃഷ്ണൻ നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഇയാൾ ഇത് പൂർണ്ണമായും നിഷേധിച്ചു. സമാനമായ രീതിയിൽ രമയും പൊന്നുകുട്ടിയും തങ്ങളുടെ മുൻ മൊഴികളിൽ നിന്ന് ഭാഗികമായി പിന്നോട്ട് പോയി. ഇതോടെ മൂന്ന് പേരെയും കൂറുമാറിയവരായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

2025 ജനുവരി 27-നാണ് പോത്തുണ്ടി ബോയെൻ നഗർ സ്വദേശികളായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും ചെന്താമര ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. വിവാദമായ നെന്മാറ സജിത വധക്കേസിൽ ഇതിനോടകം ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് ചെന്താമര. സ്വന്തം കുടുംബാംഗങ്ങൾ തന്നെ മൊഴി മാറ്റിയത് കേസിന്റെ വരുംദിവസങ്ങളിലെ വിചാരണയെ എങ്ങനെ ബാധിക്കുമെന്ന ആകാംക്ഷയിലാണ് നിയമവൃത്തങ്ങൾ.

Also read: