02/03/2026
[fontresizer_tawhidurrahmandear_widget]

നെതന്യാഹു എവിടെ? ഔദ്യോഗിക വിമാനം ‘വിങ് ഓഫ് സയൺ’ ജർമനിയിൽ; റോയിറ്റേഴ്‌സ് റിപ്പോർട്ട്‌

 നെതന്യാഹു എവിടെ? ഔദ്യോഗിക വിമാനം ‘വിങ് ഓഫ് സയൺ’ ജർമനിയിൽ; റോയിറ്റേഴ്‌സ് റിപ്പോർട്ട്‌

ബെർലിൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സയൺ’ ജർമനിയിൽ എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബെർലിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം പാർക്ക് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഫ്ലൈറ്റ് റഡാർ സംവിധാനങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് ആണ് വാർത്ത പുറത്തുവിട്ടത്.

ഇറാനുമായുള്ള സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വിമാനം ഇസ്രയേലിന് പുറത്തേക്ക് മാറ്റിയതെന്നാണ് സൂചന. സാധാരണയായി സുരക്ഷാ ഭീഷണിയുണ്ടാകുമ്പോൾ ഇത്തരം തന്ത്രപരമായ നീക്കങ്ങൾ സൈന്യം നടത്താറുണ്ട്. ഇസ്രയേലിന് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണങ്ങൾ ശക്തമായതോടെ വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണ് ബെർലിനിലെ ബ്രാൻഡൻബർഗ് വിമാനത്താവളത്തിലേക്ക് മാറ്റിയത്. ഇറാൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിലെ പ്രധാന കേന്ദ്രങ്ങളിൽ പതിച്ച സാഹചര്യത്തിലാണ് അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഈ ബോയിങ് 767 വിമാനം രാജ്യത്തിന് പുറത്തേക്ക് മാറ്റാൻ തീരുമാനിച്ചത്.

‘വിങ് ഓഫ് സയൺ’ ജർമനിയിൽ എത്തിയെങ്കിലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമാനത്തിൽ ഉണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും ഇസ്രയേലിൽ നടന്ന അതീവ നിർണ്ണായകമായ ഉന്നതതല സുരക്ഷാ യോഗങ്ങളിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അസാന്നിധ്യം ഇസ്രയേൽ മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രങ്ങളിൽ വ്യക്തമാണ്. ഐഡിഎഫ് ചീഫും മറ്റ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗങ്ങളിൽ പ്രധാനമന്ത്രിക്ക് പകരം പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ആണ് നേതൃത്വം നൽകുന്നത്. സൈനിക ആസ്ഥാനത്ത് നടന്ന ഈ യോഗങ്ങളിൽ പ്രധാനമന്ത്രിയുടെ അഭാവം ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്.

​ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രയേലിന്റെ എയർ ഡിഫൻസ് സംവിധാനങ്ങൾ പലയിടത്തും പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഭരണത്തലവന്റെ വിമാനം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ഇസ്രയേൽ തീരുമാനിച്ചത് എന്നാണ് അറിയുന്നത്.

കഴിഞ്ഞ വർഷം നടന്ന ’12 ദിന യുദ്ധ’ത്തിനിടയിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് ഇസ്രയേലിന്റെ ഔദ്യോഗിക വിമാനം വിദേശ രാജ്യങ്ങളിൽ ലാൻഡ് ചെയ്തത് നെതന്യാഹു രാജ്യം വിട്ടു എന്ന തരത്തിലുള്ള വലിയ പ്രചാരണങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ, പിന്നീട് സൈന്യം വിശദീകരിച്ചത് ശത്രുക്കളുടെ മിസൈൽ പരിധിയിൽ നിന്ന് വിമാനത്തെ സംരക്ഷിക്കാനുള്ള ഒരു തന്ത്രപരമായ നീക്കം മാത്രമായിരുന്നു അതെന്നാണ്. ഇത്തവണയും വിമാനം ബെർലിനിൽ എത്തിയതോടെ സമാനമായ രീതിയിൽ നെതന്യാഹു സുരക്ഷിത താവളത്തിലേക്ക് മാറിയതാവാം എന്ന റിപ്പോർട്ടുകൾ ശക്തമാണ്.

Also read: