സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ
മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ അംഗത്വമെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്ന നിലപാടുകളോടുള്ള ആദരവാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
“വിശ്വമാനവികതയിൽ വിശ്വസിച്ചാണ് ലീഗിലേക്ക് വന്നത്. അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോൾ ആദ്യം ഓടിയെത്തിയ വ്യക്തിയാണ് സാദിഖലി തങ്ങൾ,” എന്ന് ഹരിഗോവിന്ദൻ പ്രതികരിച്ചു. വരാനിരിക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോപാന സംഗീതത്തെ ജനകീയമാക്കിയ ഇതിഹാസ കലാകാരൻ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഹരിഗോവിന്ദൻ. ഇന്ത്യയിലും വിദേശത്തുമായി 5000 ഓളം വേദികളിൽ സോപാന സംഗീതം അവതരിപ്പിച്ചു ശ്രദ്ധേയനായ അദ്ദേഹം, തന്റെ കലയിലൂടെയും നിലപാടുകളിലൂടെയും സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്.