അമേരിക്കയ്ക്ക് കിമ്മിന്റെ മുന്നറിയിപ്പ്; 5,000 ടൺ ശേഷിയുള്ള പടക്കപ്പൽ ഇറക്കി ക്രൂയിസ് മിസൈൽ പരീക്ഷണം
പ്യോങ്യാങ്: പശ്ചിമേഷ്യയിൽ ഇറാനെതിരെ യുദ്ധം മുറുകുന്നതിനിടെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ശക്തമായ മുന്നറിയിപ്പുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. തദ്ദേശീയമായി നിർമിച്ച അത്യാധുനിക യുദ്ധക്കപ്പലായ ‘ചോയ് ഹ്യോനി’ൽനിന്ന് അത്യാധുനിക സ്ട്രാറ്റജിക് ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചുകൊണ്ടാണ് ഉത്തര കൊറിയ തങ്ങളുടെ നാവിക കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത്. നംപോ ഷിപ്പ്യാർഡിൽ നടന്ന പരീക്ഷണങ്ങൾക്ക് കിം നേരിട്ട് നേതൃത്വം നൽകി.
കൊറിയൻ ഉപദ്വീപിൽ സംഘർഷം പുകയുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഉത്തര കൊറിയയുടെ നടപടി. 5,000 ടൺ ശേഷിയുള്ള ‘ചോയ് ഹ്യോൻ’ ക്ലാസ് ഡിസ്‌ട്രോയറുകൾ ഉത്തര കൊറിയൻ നാവികസേനയുടെ പുതിയ മുഖമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. കപ്പലിന്റെ ഔദ്യോഗിക കമ്മീഷനിങ്ങിന് മുന്നോടിയായിട്ടായിരുന്നു മിസൈൽ പരീക്ഷണം. സമുദ്രോപരിതലത്തിൽനിന്ന് ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കാവുന്ന മിസൈലുകളുടെ കൃത്യതയും കപ്പലിന്റെ യുദ്ധശേഷിയും കിം നേരിട്ട് വിലയിരുത്തി. പരീക്ഷണം വൻ വിജയമാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ഇത് രാജ്യത്തിന്റെ സമുദ്ര പരമാധികാരം സംരക്ഷിക്കുന്നതിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ടു. അർധശതാബ്ദക്കാലമായി രാജ്യം സ്വപ്നം കണ്ട നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാവികസേന ഇനി ആണവായുധ സജ്ജം
നാവികസേനയെ ആണവായുധ സജ്ജമാക്കുന്ന പ്രക്രിയയിൽ രാജ്യം വലിയ പുരോഗതി കൈവരിച്ചതായി കിം ജോങ് ഉൻ വെളിപ്പെടുത്തി. ‘നമ്മുടെ നാവികസേനയുടെ ഉപരിതല-അന്തർവാഹിനി ആക്രമണ ശേഷി അതിവേഗം വർധിക്കും. കപ്പലുകളെ ആണവായുധങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ തൃപ്തികരമായ രീതിയിൽ മുന്നേറുകയാണ്,’ കിം പറഞ്ഞു. ‘സ്ട്രാറ്റജിക്’ എന്ന വാക്ക് മിസൈലുകൾക്കൊപ്പം ഉത്തര കൊറിയ ഉപയോഗിക്കുന്നത് അവയ്ക്ക് ആണവശേഷിയുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭാഗത്തുനിന്നുള്ള ഭീഷണികൾ നേരിടാൻ പ്രതിരോധശേഷി വർധിപ്പിക്കുകയല്ലാതെ മറ്റ് പോംവഴികളില്ലെന്നാണ് പ്യോങ്‌യാങ്ങിന്റെ നിലപാട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇതേ വിഭാഗത്തിലോ അതിനു മുകളിലോ ഉള്ള രണ്ട് പുതിയ യുദ്ധക്കപ്പലുകൾ വീതം ഓരോ വർഷവും നിർമിക്കണമെന്നും കിം നിർദേശം നൽകിയിട്ടുണ്ട്.
വീഴ്ചകളിൽ നിന്ന് കരുത്തിലേക്ക്
പുതിയ പടക്കപ്പലിന്റെ വിജയം ഉത്തര കൊറിയയെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നം കൂടിയാണ്. 2025 മെയ് മാസത്തിൽ ചോയ് ഹ്യോൻ ക്ലാസിലെ രണ്ടാമത്തെ കപ്പൽ വിക്ഷേപണത്തിനിടെ മറിഞ്ഞത് വലിയ തിരിച്ചടിയായിരുന്നു. അന്ന് ഉദ്യോഗസ്ഥരുടെ അശ്രദ്ധയെ ക്രിമിനൽ കുറ്റം എന്ന് വിശേഷിപ്പിച്ച കിം, കടുത്ത നടപടികൾക്കും ഉത്തരവിട്ടിരുന്നു. എന്നാൽ, തകരാറുകൾ പരിഹരിച്ച് കൂടുതൽ കരുത്തോടെ തിരിച്ചെത്താൻ സാധിച്ചത് രാജ്യത്തിന്റെ സാങ്കേതിക മികവിന്റെ അടയാളമാണെന്ന് അദ്ദേഹം കപ്പൽ സന്ദർശന വേളയിൽ പറഞ്ഞു.
മിസൈൽ പരീക്ഷണത്തിനൊപ്പം തന്നെ, ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളെ ഉത്തര കൊറിയ കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു. ഇറാനിലെ ആക്രമണങ്ങൾ അക്രമി സ്വഭാവമുള്ള നിയമവിരുദ്ധ നടപടി ആണെന്നും അമേരിക്കയുടെ ഗുണ്ടാ സ്വഭാവമാണ് ഇതിലൂടെ വെളിവാകുന്നതെന്നും ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒരു പരമാധികാര രാഷ്ട്രത്തിന് നേരെ അമേരിക്ക നടത്തുന്ന കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും, ഇത്തരം നടപടികൾ ലോകസമാധാനത്തിന് ഭീഷണിയാണെന്നും പ്യോങ്യാങ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനിലെ സ്ഥിതിഗതികൾ സൂചിപ്പിച്ചുകൊണ്ട്, ബലഹീനരായ രാഷ്ട്രങ്ങൾ അടിച്ചമർത്തപ്പെടുമെന്നും കരുത്തുള്ളവർക്ക് മാത്രമേ നിലനിൽപ്പുള്ളൂവെന്നും കിം ജോങ് ഉൻ ഓർമിപ്പിച്ചു. ഇറാനിലെ തിരിച്ചടിയിൽനിന്ന് പാഠം ഉൾക്കൊണ്ട് തങ്ങളുടെ പ്രതിരോധ കവചം കൂടുതൽ ശക്തമാക്കാനാണ് കിമ്മിന്റെ നീക്കം. ഇറാനുമായി നയതന്ത്രബന്ധമുള്ള കൊറിയ നേരത്തെ അവർക്ക് ആയുധങ്ങൽ നൽകി സഹായിച്ചിരുന്നു. ഇത്തവണ അതുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.