നഴ്സുമാരുടെ സമരം ശക്തമാകുന്നു; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
കോഴിക്കോട്: ശമ്പള വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യു.എൻ.എ) നേതൃത്വത്തിൽ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസവും തുടരുന്നു. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയർത്തണമെന്ന പ്രധാന ആവശ്യമുന്നയിച്ച് നടത്തുന്ന സമരം നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.
സമരം ശക്തമായതോടെ ആസ്റ്റർ മിംസ്, ബേബി മെമ്മോറിയൽ, മേയ്ത്ര തുടങ്ങി പ്രധാന ആശുപത്രികളിലെല്ലാം ഐ.സി.യു, കാഷ്വാലിറ്റി തുടങ്ങിയ അടിയന്തര വിഭാഗങ്ങൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഭൂരിഭാഗം വാർഡുകളിൽ നിന്നും രോഗികളെ ഡിസ്ചാർജ് ചെയ്തു. പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് പലയിടത്തും നിർത്തിവെച്ചിരിക്കുകയാണ്. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും കീമോതെറാപ്പി ഉൾപ്പെടെയുള്ള സേവനങ്ങളും മുടങ്ങിയത് രോഗികളെ ദുരിതത്തിലാക്കി.
സമരത്തെ പിന്തുണച്ചതിന്റെ പേരിൽ ചില ആശുപത്രികൾ നഴ്സുമാരെ പിരിച്ചുവിട്ടത് പ്രതിഷേധം കൂടുതൽ കടുപ്പിക്കാൻ കാരണമായിട്ടുണ്ട്. ഹോസ്റ്റലുകളിൽ കഴിയുന്ന സമരക്കാർക്ക് മാനേജ്മെൻ്റ് ഭക്ഷണം നിഷേധിക്കുന്നതായും പരാതി ഉയർന്നു. എന്നാൽ, ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ജോലിയിൽ പ്രവേശിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നഴ്സുമാർ. സിവിൽ സ്റ്റേഷന് മുന്നിൽ തുടരുന്ന സമരത്തിന് വിവിധ സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ചർച്ചകൾക്ക് തുടക്കമായിട്ടില്ല.