എൽപിജി വില വർധനവിന് കാരണം ‘ഒരു മണ്ടൻ ഓറഞ്ച് മുടിക്കാരൻ’ ; റസ്റ്റോറന്റ് ഉടമയുടെ നോട്ടീസ് വൈറലാകുന്നു
മുംബൈ: പാചകവാതക വില വർധനവിന് വിചിത്രമായ കാരണം നിരത്തി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് പൂനെയിലെ ഒരു റസ്റ്റോറന്റ്. കോത്രുഡിലെ ‘ബാർവെ ദഹിവാഡ’ എന്ന ഭക്ഷണശാലയിൽ സ്ഥാപിച്ച പ്ലക്കാർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഭക്ഷണസാധനങ്ങളുടെ വില കൂട്ടിയതിന് കാരണമായി റസ്റ്റോറന്റ് ഉടമ വിരൽ ചൂണ്ടുന്നത് ഒരു ‘ഓറഞ്ച് മുടിക്കാരന്’ നേരെയാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് നോട്ടീസിലെ പരിഹാസം. “ഒരു മണ്ടൻ ഓറഞ്ച് മുടിക്കാരൻ ആരംഭിച്ച യുദ്ധം കാരണം അസംസ്കൃത എണ്ണയുടെ വില വർദ്ധിച്ചു. ഇതിന്റെ ഫലമായി എൽപിജിയുടെയും പ്ലാസ്റ്റിക്കിന്റെയും വില ഉയർന്നു. അതിനാൽ മാർച്ച് 21 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ദയവായി യുദ്ധം നിർത്താൻ സഹകരിക്കുകയോ സഹായിക്കുകയോ ചെയ്യുക” എന്നാണ് പ്ലക്കാർഡിൽ എഴുതിയിരിക്കുന്നത്.
വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർക്ക് മുന്നിൽ നർമ്മം കലർത്തി കാര്യങ്ങൾ അവതരിപ്പിക്കാനാണ് ഉടമ ശ്രമിച്ചത്. ആഗോള രാഷ്ട്രീയ സംഭവങ്ങളെ പ്രാദേശികമായ വിലവർധനവുമായി ബന്ധിപ്പിച്ച ഈ രീതി ഇതിനോടകം തന്നെ ഇന്റർനെറ്റിൽ തരംഗമായിക്കഴിഞ്ഞു. സാധാരണ നിലയിലുള്ള ഒരു അറിയിപ്പിനെ ഇത്രത്തോളം രസകരമായി അവതരിപ്പിച്ച റസ്റ്റോറന്റ് ഉടമയുടെ ബുദ്ധിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.