‘സിപിഎം ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരൻ; ഡിവൈഎഫ്‌ഐ യൂത്ത് സെന്ററിൽ ഇരുന്ന് കഞ്ചാവ്വലിക്കുന്നവരുണ്ട്’- ഗുരുതര ആരോപണങ്ങളുമായി പി.കെ ശശി
പാലക്കാട്: സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ സ്ഫോടനാത്മകമായ ആരോപണങ്ങൾ ഉന്നയിച്ച മുൻ എംഎൽഎ പി.കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാലക്കാട് ജില്ലാ സെക്രട്ടറി പി.കെ സുരേഷ് ബാബു സ്പിരിറ്റ് കച്ചവടക്കാരനാണെന്നും ഡിവൈഎഫ്‌ഐ യൂത്ത് സെന്ററുകൾ കഞ്ചാവ് സംഘങ്ങളുടെ കേന്ദ്രമായി മാറിയെന്നും ശശി ആരോപിച്ചു. വിമതർ പാലക്കാട് സംഘടിപ്പിച്ച ‘ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകളുടെ’ കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെയായിരുന്നു ശശിയുടെ കടന്നാക്രമണം.
തെരഞ്ഞെടുപ്പ് അരികിലെത്തി നിൽക്കെ പാർട്ടിയെ വെട്ടിലാക്കുന്ന നീക്കമാണ് ശശിയുടെ ഭാഗത്തുനിന്നുണ്ടായത്. “ഇത് വിമതരുടെ കൺവെൻഷനല്ല, ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകളുടെ കൂട്ടായ്മയാണ്. ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനാണ്. മദ്യപിച്ചുകൊണ്ടാണ് അദ്ദേഹം തീരുമാനങ്ങൾ എടുക്കുന്നത്. യൂത്ത് സെന്ററുകളിൽ ഇരുന്ന് കഞ്ചാവ് വലിക്കുന്നവർ ഡിവൈഎഫ്‌ഐയിലുണ്ട്. ഒരുകാലത്തുമില്ലാത്ത വിധത്തിലുള്ള പണപ്പിരിവാണ് പാർട്ടിയിൽ നടക്കുന്നത്,” ശശി തുറന്നടിച്ചു. ജില്ലാ സെക്രട്ടറിയെ മാറ്റിയാൽ മാത്രമേ പാർട്ടിക്ക് ഇനി രക്ഷയുള്ളൂവെന്നും ഏഴ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും ശശി പരോക്ഷ വിമർശനം ഉന്നയിച്ചു. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ പാർട്ടിയിൽ ഉണ്ടായ ശൂന്യത ഇന്നും നിലനിൽക്കുകയാണെന്നും ധിക്കാരത്തിന് മുന്നിൽ വാലാട്ടാൻ ഉശിരുള്ള കമ്മ്യൂണിസ്റ്റുകളെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൺവെൻഷന് പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു. പുറത്താക്കൽ നടപടിയെ സ്വാഗതം ചെയ്ത ശശി, ഇനി എങ്ങനെയാണ് പാർട്ടിയുമായി ബന്ധമുണ്ടാകുകയെന്നും പ്രതികരിച്ചു. നൂറുകണക്കിന് പ്രവർത്തകരും മുൻ നേതാക്കളും റെഡ് വളണ്ടിയർമാരുടെ അകമ്പടിയോടെയാണ് കൺവെൻഷനിൽ പങ്കെടുത്തത്.