28/03/2026
[fontresizer_tawhidurrahmandear_widget]

ഇറാന്റെ മിസൈൽ പ്രഹരം; തെൽ അവീവിലെ ബെൻ ഗുരിയൻ എയർപോർട്ടിൽ മൂന്ന് വിമാനങ്ങൾക്ക് വൻ നാശനഷ്ടങ്ങൾ

 ഇറാന്റെ മിസൈൽ പ്രഹരം; തെൽ അവീവിലെ ബെൻ ഗുരിയൻ എയർപോർട്ടിൽ മൂന്ന് വിമാനങ്ങൾക്ക് വൻ നാശനഷ്ടങ്ങൾ

തെൽ അവീവ്: ഇസ്രയേലിലെ ഏറ്റവും വലിയ വിമാനത്താവളമായ ബെൻ ഗുരിയൻ അന്താരാഷ്ട്ര എയർപോർട്ടിനു നേരെ ഇറാന്റെ വമ്പൻ മിസൈൽ ആക്രമണം. സംഭവത്തിൽ മൂന്ന് സ്വകാര്യ വിമാനങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പ്രതിരോധ സംവിധാനം തകർത്ത ഇറാൻ മിസൈലുകളുടെ അവശിഷ്ടങ്ങൾ വിമാനങ്ങൾക്ക് മുകളിൽ പതിച്ചാണ് ഇത്രയും വലിയ അപകടമുണ്ടായതെന്നാണ് ഇസ്രയേൽ എയർപോർട്ട് അതോറിറ്റി അറിയിച്ചത്.

വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ആഡംബര സ്വകാര്യ വിമാനങ്ങൾക്കാണ് നാശനഷ്ടം സംഭവിച്ചത്. മിസൈൽ ചില്ലുകൾ പതിച്ച് വിമാനങ്ങളുടെ പുറംഭാഗത്തിനും എൻജിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, ഈ വിമാനങ്ങളുടെ ഉടമസ്ഥർ ആരാണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഇറാനുമായുള്ള യുദ്ധം തുടങ്ങിയത് മുതൽ ബെൻ ഗുരിയൻ വിമാനത്താവളം വഴിയുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇസ്രയേൽ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള പ്രത്യേക വിമാനങ്ങൾ മാത്രമാണ് ഇവിടെനിന്ന് സർവീസ് നടത്തുന്നത്.

വാണിജ്യ സർവീസുകൾ നിർത്തിയെങ്കിലും ഇസ്രയേൽ, അമേരിക്കൻ സൈന്യങ്ങൾ തങ്ങളുടെ തന്ത്രപ്രധാനമായ നീക്കങ്ങൾക്കായി ബെൻ ഗുരിയൻ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. ഇതാണ് വിമാനത്താവളത്തെ ലക്ഷ്യം വെക്കാൻ ഇറാനെ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തെൽ അവീവിനെ ലക്ഷ്യം വെച്ച് ഇറാൻ അതിശക്തമായ മിസൈൽ വർഷമാണ് നടത്തുന്നത്. സവിദോർ റെയിൽവേ സ്റ്റേഷന് പിന്നാലെ വിമാനത്താവളത്തിലും നാശനഷ്ടങ്ങൾ ഉണ്ടായത് ഇസ്രയേലിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇസ്രയേൽ വ്യോമ പ്രതിരോധ സംവിധാനം ഭൂരിഭാഗം മിസൈലുകളെയും ആകാശത്ത് വെച്ച് തന്നെ തകർക്കുന്നതായി അവകാശപ്പെടുമ്പോഴും, അവയുടെ അവശിഷ്ടങ്ങൾ താഴെ പതിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളും സമ്മതിക്കുന്നുണ്ട്.

Also read: