04/03/2026
[fontresizer_tawhidurrahmandear_widget]

ഖത്തറിൽ 10 ഇറാൻ റെവല്യൂഷണറി ഗാർഡ് സെല്ലുകൾ പിടിയിൽ; ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങൾ

 ഖത്തറിൽ 10 ഇറാൻ റെവല്യൂഷണറി ഗാർഡ് സെല്ലുകൾ പിടിയിൽ; ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങൾ

ദോഹ: രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ രണ്ട് ഇറാനിയൻ ചാരസെല്ലുകളെ ഖത്തർ സുരക്ഷാ ഏജൻസികൾ പിടികൂടി. ഇറാൻ റെവല്യൂഷണറി ഗാർഡിന് (IRGC) വേണ്ടി പ്രവർത്തിച്ചിരുന്ന 10 പേരാണ് പിടിയിലായത്. ഖത്തർ വാർത്താ ഏജൻസിയാണ് (QNA) ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. ദീർഘനാളത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്.

പിടിക്കപ്പെട്ട പത്തുപേരിൽ ഏഴുപേർ ഖത്തറിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ചോർത്താനാണ് നിയോഗിക്കപ്പെട്ടത്. ശേഷിക്കുന്ന മൂന്ന് പേർ അട്ടിമറി പ്രവർത്തനങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണെന്നും അധികൃതർ വ്യക്തമാക്കി. ഇവരുടെ പക്കൽ നിന്ന് സുപ്രധാന കേന്ദ്രങ്ങളുടെ കോർഡിനേറ്റുകൾ, ആശയവിനിമയ ഉപകരണങ്ങൾ, അത്യാധുനിക സാങ്കേതിക വിദ്യകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ തങ്ങൾ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് നിർദ്ദേശിച്ചു.

Also read: