04/03/2026
[fontresizer_tawhidurrahmandear_widget]

ശബരിമല യുവതീപ്രവേശന ഫയലുകൾ കാണാനില്ല; ദേവസ്വം ബോർഡിൽ അടിമുടി ദുരൂഹത

 ശബരിമല യുവതീപ്രവേശന ഫയലുകൾ കാണാനില്ല; ദേവസ്വം ബോർഡിൽ അടിമുടി ദുരൂഹത

തിരുവനന്തപുരം: യുവതീപ്രവേശവുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് കാണാതായത് വലിയ വിവാദത്തിന് വഴിതുറക്കുന്നു. സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി പഴയ ഫയലുകൾ പരിശോധിച്ചപ്പോഴാണ് സുപ്രധാന രേഖകൾ അപ്രത്യക്ഷമായ വിവരം പുറത്തുവരുന്നത്. സംഭവത്തിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

യുവതീപ്രവേശന വിഷയത്തിൽ ബോർഡിന്റെ മുൻകാല നിലപാടുകളും കോടതി വ്യവഹാരങ്ങളും വ്യക്തമാക്കുന്ന രേഖകളാണ് നഷ്ടപ്പെട്ടത്. കേസ് ഫയലുകൾ പോയിട്ട്, അവയുടെ പകർപ്പുകൾ പോലും ഓഫീസിൽ ലഭ്യമല്ലെന്ന് കണ്ടെത്തിയത് ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെയും മറ്റ് അംഗങ്ങളെയും അമ്പരപ്പിച്ചിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കും ഫയലുകൾക്ക് എന്ത് സംഭവിച്ചു എന്നതിൽ വ്യക്തതയില്ല.

അഭിഭാഷകരെ സമീപിച്ച് ദേവസ്വം ബോർഡ്

വിവിധ കാലഘട്ടങ്ങളിൽ സർക്കാരുകളും ദേവസ്വം ബോർഡും സ്വീകരിച്ച നിലപാടുകൾ കേസിൽ നിർണ്ണായകമാണ്. 2007-ലെ എൽ.ഡി.എഫ് സർക്കാരിന്റെ സത്യവാങ്മൂലം, 2016-ലെ യു.ഡി.എഫ് സർക്കാരിന്റെയും പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ബോർഡിന്റെയും വിയോജനക്കുറിപ്പുകൾ എന്നിവയൊന്നും ഇപ്പോൾ ആസ്ഥാനത്തില്ല. രേഖകൾ വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, മുൻപ് സുപ്രീംകോടതിയിൽ ഈ കേസുകൾ കൈകാര്യം ചെയ്ത അഭിഭാഷകരിൽ നിന്ന് രേഖകളുടെ പകർപ്പ് ശേഖരിക്കാനാണ് ബോർഡിന്റെ നീക്കം.

ഭക്തരുടെ വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ബോർഡ് ആസ്ഥാനത്ത് നിന്ന് ഇത്രയും ഗൗരവകരമായ രേഖകൾ കാണാതായത് ഭരണപരമായ വീഴ്ചയായും അട്ടിമറിയായും വിലയിരുത്തപ്പെടുന്നുണ്ട്.

Also read: