02/03/2026
[fontresizer_tawhidurrahmandear_widget]

സൗദി അരാംകോ പ്ലാന്റ്‌റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണ ശ്രമം തകർത്തു

 സൗദി അരാംകോ പ്ലാന്റ്‌റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണ ശ്രമം തകർത്തു

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ തീരത്തുള്ള പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണമുണ്ടായി. ഇന്ന് നടന്ന ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ തീപിടുത്തമുണ്ടായെങ്കിലും പ്രതിരോധ സേനയുടെ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായതായാണ് റിപ്പോർട്ടുകൾ.

ആക്രമണത്തിനായി എത്തിയ രണ്ട് ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപേ പ്രതിരോധ സേന വെടിവെച്ചിട്ടു. തകർക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ കോംപൗണ്ടിലെ താമസസ്ഥലത്ത് പതിച്ചാണ് തീപിടുത്തമുണ്ടായത്. ആർക്കും പരിക്കേൽക്കാതെ തന്നെ ഉടൻ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. എന്നാൽ, ഇറാനിയൻ ഡ്രോൺ പ്ലാന്റിൽ ഇടിച്ചുകയറിയതായും റിപ്പോർട്ടുകളുണ്ട്.

മുൻകരുതൽ നടപടിയുടെ ഭാഗമായി റാസ് തനൂറ പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. പ്രതിദിനം 5.5 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നാണ്. പ്ലാന്റ് അടച്ചുപൂട്ടിയെന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ 9.32 ശതമാനത്തിന്റെ കുതിച്ചുചാട്ടമുണ്ടായി. അതേസമയം, രാജ്യത്തെ പെട്രോളിയം വിതരണത്തെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് സൗദി ഊർജ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച ഇറാനിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഡ്രോൺ ആക്രമണമെന്നാണ് സൂചന. സൗദി അറേബ്യയെ കൂടാതെ യുഎഇ, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണങ്ങളുണ്ടായതായാണ് വിവരങ്ങൾ.

Also read: