സുക്ഷിച്ചാൽ ദു:ഖിക്കേണ്ട; കണ്ണുകൾ നൽകുന്ന 5 ലക്ഷണങ്ങൾ അവഗണിക്കരുത്
കാഴ്ചയ്ക്ക് മങ്ങൽ ഏൽക്കുന്നത് വരെയോ ദൈനംദിന ജീവിതത്തെ ബാധിക്കുന്നത് വരെയോ പലപ്പോഴും നമ്മൾ കണ്ണിന്റെ ആരോഗ്യത്തിന് മുൻഗണന നൽകുന്നില്ല. എന്നാൽ ഗുരുതരമായ കാഴ്ച വൈകല്യങ്ങളിലേക്ക് നയിക്കുന്നതിന് മുൻപ് തന്നെ നമ്മുടെ കണ്ണുകൾ ചില നിശബ്ദ സൂചനകൾ നൽകാറുണ്ട്. ലോകമെമ്പാടുമുള്ള 43 ദശലക്ഷം അന്ധരിൽ വലിയൊരു വിഭാഗത്തിനും കൃത്യസമയത്തെ ചികിത്സയിലൂടെ കാഴ്ചശക്തി നിലനിർത്താമായിരുന്നു എന്നതാണ് വസ്തുത.
കാഴ്ച നഷ്ടപ്പെടുന്നത് തടയാൻ നേരത്തെയുള്ള രോഗനിർണയം അത്യന്താപേക്ഷിതമാണെന്ന് ഓർബിസ് (ഇന്ത്യ) കൺട്രി ഡയറക്ടർ ഡോ. ഋഷി രാജ് ബോറ വ്യക്തമാക്കുന്നു. ഒരിക്കലും അവഗണിക്കരുതാത്ത അഞ്ച് പ്രധാന ലക്ഷണങ്ങൾ അദ്ദേഹം പങ്കുവെക്കുന്നു.
1. കാഴ്ചയിലെ മങ്ങലും ചാഞ്ചാട്ടവും
സ്ക്രീനുകൾക്ക് മുന്നിലിരിക്കുമ്പോൾ കാഴ്ച മങ്ങുന്നത് സാധാരണമാണെന്ന് കരുതി തള്ളിക്കളയരുത്. കാഴ്ച ഇടയ്ക്കിടെ വ്യക്തമാവുകയും പെട്ടെന്ന് മങ്ങുകയും ചെയ്യുന്നത് റിഫ്രാക്റ്റീവ് പിശകുകളുടെയോ പ്രമേഹവുമായി ബന്ധപ്പെട്ട തിമിരത്തിന്റെയോ ലക്ഷണമാകാം. ഒരു കണ്ണിൽ മാത്രം അനുഭവപ്പെടുന്ന പെട്ടെന്നുള്ള മങ്ങൽ റെറ്റിനയുടെയോ ഒപ്റ്റിക് നാഡിയുടെയോ തകരാറാകാൻ സാധ്യതയുണ്ട്.
2. കണ്ണ് വേദനയും തലവേദനയും
വായനയോ ജോലിയിലോ ഏർപ്പെടുമ്പോൾ തുടർച്ചയായി തലവേദനയോ കണ്ണിന് ആയാസമോ അനുഭവപ്പെടുന്നത് കാഴ്ചാ പ്രശ്നങ്ങളുടെ സൂചനയാണ്. ഇത് കൃത്യസമയത്ത് പരിഹരിച്ചില്ലെങ്കിൽ ഡ്രൈ ഐ സിൻഡ്രോം, അണുബാധകൾ എന്നിവയിലേക്ക് നയിക്കുകയും കണ്ണുകൾക്ക് പരിക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
3. കണ്ണിലെ ചുവപ്പ്
കണ്ണിലെ ചുവപ്പും വെള്ളം വരുന്നത് പൊടി പടലങ്ങൾ മൂലമാണെന്ന് കരുതി അവഗണിക്കരുത്. ചികിത്സിക്കാത്ത പക്ഷം ഡ്രൈ ഐ സിൻഡ്രോം പോലുള്ള അവസ്ഥകൾ കണ്ണിന്റെ ഉപരിതലത്തിന് സ്ഥിരമായ കേടുപാടുകൾ വരുത്താൻ കാരണമാകും.
4. രാത്രി കാഴ്ചയിലെ ബുദ്ധിമുട്ട്
രാത്രികാലങ്ങളിൽ കാഴ്ച മങ്ങുന്നതും പ്രകാശത്തിന് ചുറ്റും വലയങ്ങൾ കാണുന്നതും തിമിരത്തിന്റെയോ റെറ്റിനയിലെ മാറ്റങ്ങളുടെയോ ലക്ഷണമാകാം. വാഹനമോടിക്കുമ്പോഴും മറ്റും ഇത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം.
5. ഫ്ലോട്ടറുകളും പ്രകാശ മിന്നലുകളും
കണ്ണിന് മുന്നിൽ ചെറിയ കുത്തുകൾ (Floaters) നീങ്ങുന്നതായി തോന്നുന്നത് സാധാരണമാണെങ്കിലും, ഇവ പെട്ടെന്ന് വർധിക്കുന്നതും പ്രകാശ മിന്നലുകൾ അനുഭവപ്പെടുന്നതും റെറ്റിന ഡിറ്റാച്ച്മെന്റ് എന്ന ഗുരുതര അവസ്ഥയുടെ ലക്ഷണമാണ്. ഇത് അടിയന്തിര ചികിത്സ ആവശ്യമുള്ള ഒന്നാണ്.
ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ രോഗങ്ങൾ തുടക്കത്തിൽ വേദനയില്ലാത്തവയാണ്. അതിനാൽ ലക്ഷണങ്ങൾക്കായി കാത്തുനിൽക്കാതെ കൃത്യമായ ഇടവേളകളിൽ നേത്രപരിശോധന നടത്തുന്നത് കാഴ്ചശക്തി ദീർഘകാലം നിലനിർത്താൻ സഹായിക്കും.