വെറും വയറ്റിൽ പഴം കഴിക്കാറുണ്ടോ; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം!
എളുപ്പത്തിൽ കൊണ്ടുപോകാവുന്നതും പോഷകഗുണങ്ങൾ ഏറെയുള്ളതുമായ പഴം പലപ്പോഴും നമ്മുടെ തിരക്കേറിയ പ്രഭാതങ്ങളിലെ പ്രധാന ഭക്ഷണമാണ്. എന്നാൽ രാത്രിയിലെ ഉപവാസത്തിന് ശേഷം വെറും വയറ്റിൽ പഴം കഴിക്കുമ്പോൾ അത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് നെറ്റ്‌മെഡ്‌സ് പങ്കുവെച്ച ആരോഗ്യക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇത് എങ്ങനെ പ്രയോജനപ്പെടുന്നു?
- തൽക്ഷണ ഊർജ്ജം: സ്വാഭാവിക പഞ്ചസാരകളായ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് പെട്ടെന്ന് ഊർജ്ജം ലഭിക്കുന്നു.
- ഹൃദയാരോഗ്യം: ഇതിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
- കുടലിന്റെ ആരോഗ്യം: ഇതിലെ നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുകയും വയറിന്റെ അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- പോഷകങ്ങളുടെ കലവറ: വിറ്റാമിൻ ബി6, സി, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ പഴത്തിലുണ്ട്.
പഴം കഴിക്കാൻ ഏറ്റവും നല്ല മാർഗ്ഗം
1.പ്രോട്ടീനുമായി ചേർത്ത് കഴിക്കുക: പഴം ഒറ്റയ്ക്ക് കഴിക്കുന്നതിനേക്കാൾ ഒരുപിടി നട്‌സ്, പീനട്ട് ബട്ടർ അല്ലെങ്കിൽ തൈര് എന്നിവയുമായി ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് ഒഴിവാക്കാൻ സഹായിക്കും.
2.അമിതമായി പഴുത്തവ ഒഴിവാക്കാം: അമിതമായി പഴുത്ത പഴത്തേക്കാൾ മിതമായി പഴുത്തവ തെരഞ്ഞെടുക്കുന്നതാണ് ദഹനത്തിന് നല്ലത്.
3.അളവ് ശ്രദ്ധിക്കുക: ഒരു ദിവസം ഒരു ഇടത്തരം പഴം കഴിക്കുന്നതാണ് ഉത്തമം.
കഴിക്കാൻ ഏറ്റവും നല്ല സമയം
മെറ്റബോളിസം ഏറ്റവും സജീവമായിരിക്കുന്ന രാവിലെ സമയമാണ് പഴം കഴിക്കാൻ ഏറ്റവും അനുയോജ്യം. വ്യായാമത്തിന് 15-30 മിനിറ്റ് മുമ്പ് കഴിക്കുന്നത് വർക്കൗട്ടിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിക്കും. എന്നാൽ രാത്രി വൈകി പഴം കഴിക്കുന്നത് ഒഴിവാക്കണം, ഇത് ദഹനം മന്ദഗതിയിലാക്കാൻ കാരണമായേക്കാം.
ശരിയായ ഇനം എങ്ങനെ തെരഞ്ഞെടുക്കാം?
- മഞ്ഞനിറമുള്ള പഴുത്ത പഴം: പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ മികച്ചത്.
- പച്ച കലർന്ന പഴുക്കാത്ത പഴം: ഇതിൽ റെസിസ്റ്റന്റ് സ്റ്റാർച്ച് കൂടുതലുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യം.
- ചുവന്ന പഴം: കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
ആരാണ് ഒഴിവാക്കേണ്ടത്?
പ്രമേഹമുള്ളവർ, ഇൻസുലിൻ സെൻസിറ്റിവിറ്റി ഉള്ളവർ എന്നിവർ വെറും വയറ്റിൽ പഴം കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വൃക്കരോഗമുള്ളവർ (കൂടിയ പൊട്ടാസ്യം കാരണം) ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവൂ. കൂടാതെ മൈഗ്രെയ്ൻ, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരും തങ്ങൾക്ക് ഇത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടതാണ്.