കെഎസ്ആർടിസി ബസിന്റെ പടികളുടെ വീതി കുറച്ചത് കേന്ദ്ര സർക്കാരെന്ന് ട്വന്റി 20 സ്ഥാനാർഥി; ലേശം ഉളുപ്പ് വേണമെന്ന് നടി സ്നേഹ ശ്രീകുമാർ
കോട്ടയം: ഏറ്റുമാനൂർ നിയസഭാ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥി ആതിര ഡി. നായരുടെ പ്രസംഗത്തെ പരിഹസിച്ച് നടി സ്നേഹ ശ്രീകുമാർ രംഗത്ത്. കേരളത്തിലെ കെഎസ്ആർടിസി ബസുകളുടെ പടികളുടെ വീതി കുറച്ചതും മികച്ച വിദ്യാഭ്യാസവും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളാണെന്ന ആതിരയുടെ പ്രസംഗമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ആതിരയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് “ലേശം ഉളുപ്പ്” വേണമെന്നാണ് സ്നേഹ ഫെയ്‌സ്ബുക്ക് സ്റ്റോറിയിലൂടെ പ്രതികരിച്ചത്.
“കുട്ടിയെ ആരോ എന്തൊക്കെയോ പഠിപ്പിച്ചു വിട്ടിട്ടുണ്ട്, കെഎസ്ആർടിസിയുടെ ഫുൾ ഫോമെങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു” എന്നും സ്നേഹ കുറിച്ചു. 365 ദിവസവും റേഷൻ നൽകുന്നതും കെഎസ്ആർടിസി സൗകര്യങ്ങളും എൽഡിഎഫ് സർക്കാരല്ല, മറിച്ച് കേന്ദ്ര സർക്കാരാണ് നൽകുന്നതെന്നായിരുന്നു ആതിരയുടെ വിവാദ പ്രസംഗം.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളിലൊരാളാണ് 25 കാരിയായ ആതിര. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദമുള്ള ആതിര ഒരു സംരംഭകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ്. ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥി വീണാ നായർക്ക് പകരം സാങ്കേതിക കാരണങ്ങളാലാണ് ആതിര സ്ഥാനാർത്ഥിയായത്. എന്നാൽ പ്രസംഗത്തിലെ വസ്തുതാപരമായ പിശകുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും കാരണമായിരിക്കുകയാണ്.