28/03/2026
[fontresizer_tawhidurrahmandear_widget]

‘താനാണ് ഇറാനെ ആക്രമിക്കാമെന്ന് പറഞ്ഞത്’; പ്രതിരോധ സെക്രട്ടറിക്കുമേൽ പഴി ചാരി തലയൂരാൻ ട്രംപ്

 ‘താനാണ് ഇറാനെ ആക്രമിക്കാമെന്ന് പറഞ്ഞത്’; പ്രതിരോധ സെക്രട്ടറിക്കുമേൽ പഴി ചാരി തലയൂരാൻ ട്രംപ്

വാഷിങ്ടൺ: ഇറാൻ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ അസ്വാരസ്യങ്ങൾ പുകയുന്നതായും യുദ്ധത്തിന് തുടക്കമിട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തം തന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ തലയിൽ കെട്ടിവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ടെന്നസിയിൽ നടന്ന ഒരു വട്ടമേശ സമ്മേളനത്തിനിടെയാണ്, തന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ സാക്ഷി നിർത്തി ട്രംപ് ഈ വിവാദ പരാമർശം നടത്തിയത്. ഇറാന്റെ പക്കൽ ആണവായുധം ഉണ്ടാകാൻ അനുവദിക്കരുത് എന്ന് പറഞ്ഞ് യുദ്ധത്തിനായി ആദ്യം വാദിച്ചത് ഹെഗ്‌സെത്താണെന്നും, നമുക്കിത് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞതിനാലാണ് താൻ സൈനിക നടപടിക്ക് തുനിഞ്ഞതെന്നും ട്രംപ് വെളിപ്പെടുത്തി.

യുദ്ധത്തിന്റെ ഉത്തരവാദിത്തം ഭരണകൂടത്തിലെ മറ്റൊരാളിലേക്ക് ട്രംപ് മാറ്റുന്നത് ഇതാദ്യമല്ലെങ്കിലും, നേരിട്ട് ഹെഗ്‌സെത്തിനെ ചൂണ്ടിക്കാട്ടിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പ്ലാന്റുകളും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് നീങ്ങുന്നതെന്ന് ഹെഗ്‌സെത്ത് പെന്റഗണിൽ വെച്ച് വ്യക്തമാക്കുമ്പോഴും, ഭരണകൂടത്തിനുള്ളിൽ ഇതിനെച്ചൊല്ലി വലിയ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഉൾപ്പെടെയുള്ളവർക്ക് യുദ്ധത്തോടുള്ള താൽപ്പര്യക്കുറവ് ട്രംപ് പരസ്യമായി സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മാധ്യമ ഭീമൻ രൂപർട്ട് മർഡോക്ക് എന്നിവരുടെ ശക്തമായ സമ്മർദ്ദം ഈ യുദ്ധത്തിന് പിന്നിലുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ മേധാവി ജോ കെന്റ് കഴിഞ്ഞ ആഴ്ച രാജിവെച്ചിരുന്നു.

മധ്യേഷ്യയിലെ ഒരു വലിയ പ്രശ്നം പരിഹരിക്കാനായി നടത്തിയ ഒരു ചെറിയ യാത്രയായാണ് ട്രംപ് ഈ യുദ്ധത്തെ ലളിതമായി വിശേഷിപ്പിച്ചത്. എന്നാൽ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് ട്രംപ് പറയുമ്പോഴും, ഇത്തരം നീക്കങ്ങൾ ഉണ്ടാകുമെന്ന് ആഭ്യന്തരമായി നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും ഭരണകൂടം അത് അവഗണിക്കുകയായിരുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 13 അമേരിക്കൻ സൈനികരുടെ ജീവൻ ഇതിനോടകം ഈ യുദ്ധത്തിൽ നഷ്ടപ്പെടുകയും മേഖലയിൽ വലിയ മാനുഷിക പ്രതിസന്ധി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലും ഇറാനുമായി രഹസ്യ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇറാൻ അത് പൂർണ്ണമായും നിഷേധിക്കുകയാണ്. തന്റെ മരുമകൻ ജാറെദ് കുഷ്നർ വഴി ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ടെന്നും ഉടമ്പടി നടന്നില്ലെങ്കിൽ ബോംബിങ് തുടരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ഇറാന് നൽകിയിരുന്ന അന്ത്യശാസനം അഞ്ച് ദിവസത്തേക്ക് കൂടി അദ്ദേഹം നീട്ടിയിട്ടുണ്ട്. യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പറയാൻ പ്രതിരോധ സെക്രട്ടറി പോലും തയ്യാറാകാത്ത സാഹചര്യത്തിൽ, ട്രംപിന്റെ പുതിയ വെളിപ്പെടുത്തലുകൾ ഭരണകൂടത്തിനുള്ളിലെ ആശയക്കുഴപ്പമാണ് പുറത്തുകൊണ്ടുവരുന്നത്.

Also read: