ഇറാൻ യുദ്ധം: ചെലവ് അറബ് രാജ്യങ്ങൾ വഹിക്കണം, ആവശ്യവുമായി ട്രംപ്
വാഷിങ്ടൺ: ഇറാനെതിരെ സൈനിക നീക്കങ്ങൾ ശക്തമാകുന്നതിനിടെ, യുദ്ധത്തിന്റെ സാമ്പത്തിക ചെലവുകൾ വഹിക്കാൻ ഗൾഫ് രാജ്യങ്ങളുൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങളോട് ആവശ്യപ്പെടാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇന്നലെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ ഈ താൽപ്പര്യത്തെക്കുറിച്ച് സൂചന നൽകിയത്.
നിലവിലെ യുദ്ധച്ചിലവുകൾക്കായി അമേരിക്കൻ ഭരണകൂടം കോൺഗ്രസിനോട് 200 ബില്യൺ ഡോളർ അധികമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ പുതിയ നീക്കം. അമേരിക്കയിലും ഇസ്രയേലിലും ഈ യുദ്ധത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, സാമ്പത്തിക ഭാരം കുറയ്ക്കാൻ സഖ്യകക്ഷികളെ കൂടി പങ്കാളികളാക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം.
ഇറാൻ യുദ്ധത്തിൽ അറബ് രാജ്യങ്ങൾ സാമ്പത്തിക സഹായം നൽകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘അത് പ്രസിഡന്റിന് താൽപര്യമുള്ള ആശയമാണ്’ എന്നായിരുന്നു ലീവിറ്റിന്റെ മറുപടി. വൈകാതെ തന്നെ ട്രംപ് ഇക്കാര്യത്തിൽ ഔദ്യോഗികമായി കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇറാന്റെ എണ്ണപ്പാടങ്ങളും ഊർജ്ജ നിലയങ്ങളും തകർക്കുമെന്ന ഭീഷണി ട്രംപ് നേരത്തെ മുഴക്കിയിരുന്നു. ഇറാന്റെ എണ്ണസമ്പത്ത് കൈക്കലാക്കണമെന്ന നിലപാടിലാണ് അദ്ദേഹം.
അതേസമയം, ഇറാനുമായി രഹസ്യമായ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ഇറാൻ ഭരണകൂടം പുറമെ പറയുന്ന നിലപാടുകളല്ല ചർച്ചകളിൽ സ്വീകരിക്കുന്നതെന്നും വൈറ്റ് ഹൗസ് അവകാശപ്പെടുന്നു. എന്നാൽ യുദ്ധം നീണ്ടുപോകുന്നത് ആഗോള എണ്ണവിലയെയും സാമ്പത്തിക വ്യവസ്ഥയെയും ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അറബ് രാജ്യങ്ങളിൽ നിന്ന് സാമ്പത്തിക സഹായം തേടാനുള്ള ഈ നീക്കം മിഡിലീസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം.