‘ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ എണ്ണക്കിണറുകൾ തകർക്കും’; ഇറാന് ട്രംപിന്റെ അന്ത്യശാസനം
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് ഉടനടി വ്യാപാരത്തിനായി തുറന്നു കൊടുക്കണമെന്നും അല്ലാത്തപക്ഷം ഇറാന്റെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ എണ്ണക്കിണറുകൾ, വൈദ്യുത നിലയങ്ങൾ, ഖാർഗ് ദ്വീപ്, ശുദ്ധജല വിതരണ പ്ലാന്റുകൾ എന്നിവ പൂർണ്ണമായും ഇല്ലാതാക്കാൻ മടിക്കില്ലെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ 47 വർഷത്തെ “ഭീകര ഭരണത്തിനിടെ” കൊല്ലപ്പെട്ട യുഎസ് ഉദ്യോഗസ്ഥരോടുള്ള പ്രതികാരമായിരിക്കും ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും യുഎസുമായി നേരിട്ട് ചർച്ചകൾ നടത്തുന്നില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ 20 എണ്ണ ടാങ്കറുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ യുഎസ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ “യാഥാർത്ഥ്യവിരുദ്ധവും യുക്തിരഹിതവുമാണെന്ന്” പറഞ്ഞ് ഇറാൻ തള്ളിക്കളഞ്ഞതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുകയാണ്.
തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞിട്ടില്ല. മേഖലയിൽ ഇതിനോടകം തന്നെ അയ്യായിരത്തോളം യുഎസ് മറീനുകളെ വിന്യസിച്ചതായാണ് വിവരം. ഏപ്രിൽ 6 വരെ ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കെതിരെയുള്ള ആക്രമണം നിർത്തിവെച്ചിരിക്കുകയാണെന്നും അതിനുള്ളിൽ തീരുമാനമായില്ലെങ്കിൽ കടുത്ത സൈനിക നീക്കമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.