‘ശമ്പളവും ആനുകൂല്യങ്ങളും വേണ്ട’; ലോക്‌സഭയിൽ മാതൃകയായി രണ്ട് എംപിമാർ
ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാർട്ടികളും ഒന്നിക്കാറുള്ളതാണ് പതിവ്. എന്നാൽ പതിനെട്ടാം ലോക്‌സഭയിൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാടുമായി രണ്ട് എംപിമാർ ശ്രദ്ധേയരാകുന്നു. കുരുക്ഷേത്രയിൽ നിന്നുള്ള ബിജെപി എംപി നവീൻ ജിൻഡാലും ഇന്നർ മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംപി ഡോ. ബിമോൾ അകോയിജവുമാണ് തങ്ങൾക്ക് ലഭിക്കേണ്ട ശമ്പളം വേണ്ടെന്ന് വെച്ചത്. വിവരാവകാശ നിയമപ്രകാരം (RTI) ലഭിച്ച മറുപടിയിലാണ് അപൂർവ്വ വിവരം പുറത്തുവന്നത്.
കുരുക്ഷേത്രയെ പ്രതിനിധീകരിക്കുന്ന നവീൻ ജിൻഡാൽ ഒരുപടി കൂടി കടന്ന്, ശമ്പളത്തിന് പുറമെ തനിക്ക് ലഭിക്കേണ്ട ഔദ്യോഗിക അലവൻസുകളും മറ്റ് സർക്കാർ ആനുകൂല്യങ്ങളും പൂർണ്ണമായും വേണ്ടെന്ന് വെച്ചിട്ടുണ്ട്. 1,241 കോടി രൂപയുടെ ആസ്തിയുള്ള ജിൻഡാൽ സഭയിലെ ഏറ്റവും സമ്പന്നരായ അംഗങ്ങളിൽ ഒരാളാണ്. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ സാമ്പത്തിക പശ്ചാത്തലമാണ് കോൺഗ്രസ് എംപി ബിമോൾ അകോയിജത്തിനുള്ളത്. സത്യവാങ്മൂലം പ്രകാരം 97 ലക്ഷം രൂപയുടെ ആസ്തി മാത്രമുള്ള അദ്ദേഹം, തന്റെ രാഷ്ട്രീയ ബോധ്യങ്ങളുടെ ഭാഗമായാണ് ശമ്പളം നിരസിച്ചത്.
നിലവിൽ 543 അംഗങ്ങളുള്ള ലോക്‌സഭയിൽ 481 പേർ ശമ്പളം കൈപ്പറ്റുന്നവരായി പട്ടികയിലുണ്ട്. ബാക്കിയുള്ളവരുടെ വിവരങ്ങൾ വ്യക്തമല്ലെങ്കിലും, ഈ രണ്ട് എംപിമാരുടെ തീരുമാനം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സഭയിലെ ഏറ്റവും സമ്പന്നനായ ഗുണ്ടൂർ എംപി ചന്ദ്രശേഖർ പെമ്മസാനി (5,705 കോടി) ഉൾപ്പെടെയുള്ളവർ ശമ്പളം വാങ്ങുമ്പോൾ, ആദർശപരമായ നിലപാടുകൊണ്ട് രണ്ട് ജനപ്രതിനിധികളും വേറിട്ടുനിൽക്കുന്നു.