ബി-2 സ്റ്റെൽത്ത് ബോംബറുകൾ, ലൂക്കാസ് വൺ-വേ ഡ്രോണുകൾ; ഇറാനെതിരെ അമേരിക്കയുടെ ‘ഹൈടെക്’ പടയൊരുക്കം
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കത്തിനായി മിഡിൽ ഈസ്റ്റിൽ ദശാബ്ദങ്ങളിലെ ഏറ്റവും വലിയ ആയുധശേഖരവുമായി അമേരിക്ക. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് പെന്റഗൺ വിശേഷിപ്പിക്കുന്ന ദൗത്യത്തിൽ ബി-2 സ്റ്റെൽത്ത് ബോംബറുകൾ മുതൽ അത്യാധുനിക സ്ഫോടക ഡ്രോണുകൾ വരെയാണ് വിന്യസിച്ചിരിക്കുന്നത്. യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഇറാന്റെ ആണവ നിലയങ്ങളെയും മിസൈൽ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഈ നീക്കം.
പ്രധാന ആയുധശേഖരം
- ബി-2 സ്റ്റെൽത്ത് ബോംബറുകൾ: റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാൻ കഴിയുന്ന, ഓരോന്നിനും ഒരു ബില്യൺ ഡോളറിലേറെ വിലയുള്ള വവ്വാലുകളെപ്പോലെയുള്ള വിമാനങ്ങളാണ് ആക്രമണത്തിന്റെ കുന്തമുന. 30,000 പൗണ്ട് ഭാരമുള്ള ഭീമൻ ബോംബുകൾ ഉപയോഗിച്ച് ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങളെ തകർക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്.
- ലൂക്കാസ് വൺ-വേ ഡ്രോണുകൾ ഇറാന്റെ തന്നെ ഷാഹെദ് ഡ്രോണുകളുടെ മാതൃകയിൽ നിർമ്മിച്ച ഇവ കുറഞ്ഞ ചെലവിൽ ശത്രുതാവളങ്ങളിൽ ചെന്ന് പൊട്ടിത്തെറിക്കുന്നവയാണ്.
- നാവികശക്തി യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്നീ വിമാനവാഹിനിക്കപ്പലുകൾ ടോമാഹോക്ക് മിസൈലുകൾ വഹിക്കുന്ന ഡിസ്ട്രോയറുകൾക്കൊപ്പം സമുദ്രത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്.
- പ്രതിരോധ സംവിധാനങ്ങൾ ഇറാന്റെ പ്രത്യാക്രമണങ്ങളെ നേരിടാൻ പാട്രിയറ്റ്, താഡ് (THAAD) മിസൈൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിൽ സജ്ജമാണ്.
കൂടാതെ എഫ്-35 യുദ്ധവിമാനങ്ങൾ, എ-10 അറ്റാക്ക് ജെറ്റുകൾ, ആകാശത്തെ വൈ-ഫൈ എന്ന് വിളിക്കപ്പെടുന്ന ഇലക്ട്രോണിക് വാർഫെയർ വിമാനങ്ങൾ എന്നിവയും യുദ്ധസന്നാഹത്തിന്റെ ഭാഗമാണ്.