ഗൾഫിലെ യുഎസ് താവളങ്ങൾ ഇസ്രയേലിലേക്ക് മാറ്റുന്നു? നിർദേശവുമായി നെതന്യാഹു ഭരണകൂടം
തെൽ അവീവ്/വാഷിങ്ടൺ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന്റെ ഭൂപടം മാറ്റിവരയ്ക്കാൻ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ സുപ്രധാനം നീക്കം. ഖത്തർ, യുഎഇ, ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിലവിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഇസ്രയേൽ മണ്ണിലേക്ക് മാറ്റാനോ, അല്ലെങ്കിൽ ഇസ്രയേലിൽ പുതിയ താവളങ്ങൾ സ്ഥാപിക്കാനോ അമേരിക്കയോട് ഔദ്യോഗികമായി ആവശ്യപ്പെടാൻ ബെഞ്ചമിൻ നെതന്യാഹു സർക്കാർ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനുമായുള്ള യുദ്ധം ഒരു മാസം പിന്നിടുമ്പോൾ അറബ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികർ നേരിടുന്ന സുരക്ഷാ ഭീഷണിയാണ് ഇസ്രയേൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിനും കുവൈത്തിലെ സൈനിക കേന്ദ്രങ്ങൾക്കും നേരെയുണ്ടായ മാരകമായ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അമേരിക്കൻ സൈനികരുടെ ജീവൻ അപകടത്തിലാക്കിയിരിക്കുകയാണ്. ഇസ്രയേലിന്റെ കൈവശമുള്ള അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളായ അയൺ ഡോം, ആരോ എന്നിവയ്ക്ക് കീഴിൽ അമേരിക്കൻ സൈന്യത്തിന് കൂടുതൽ സുരക്ഷ ലഭിക്കുമെന്ന് ഇസ്രയേൽ വാദിക്കുന്നു.
പല അറബ് രാജ്യങ്ങളും തങ്ങളുടെ മണ്ണ് ഇറാനെതിരെയുള്ള തിരിച്ചടികൾക്കായി ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. താവളങ്ങൾ തങ്ങളുടെ മണ്ണിലേക്ക് മാറ്റുന്നതിലൂടെ ഇത്തരം നയതന്ത്ര തടസങ്ങളില്ലാതെ ഇറാനെതിരെ നീങ്ങാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും ഇസ്രയേൽ കണക്ക് കൂട്ടുന്നുണ്ട്.
അറബ് രാജ്യങ്ങളില് വർധിച്ചുവരുന്ന ഇസ്രയേൽ വിരുദ്ധ വികാരം അമേരിക്കൻ താവളങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ഇസ്രയേൽ ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ, അമേരിക്കൻ സൈനികരുടെ ജീവൻ രക്ഷിക്കാൻ ഇസ്രയേലിലേക്ക് മാറുന്നതാണ് ഉചിതമെന്ന് ഇസ്രയേൽ ട്രംപ് ഭരണകൂടത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കും എന്നത് നിർണായകമാണ്. അമേരിക്കൻ സൈന്യത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ട്രംപ്, ഈ നിർദ്ദേശത്തെ ഗൗരവമായി പരിഗണിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
എന്നാൽ, പതിറ്റാണ്ടുകളായി ഗൾഫ് രാജ്യങ്ങളിലുള്ള അമേരിക്കൻ താവളങ്ങൾ മാറ്റുന്നത് മേഖലയിലെ നയതന്ത്ര ബന്ധങ്ങളെ സാരമായി ബാധിച്ചേക്കാം. ഈ നീക്കം യാഥാർത്ഥ്യമായാൽ, പശ്ചിമേഷ്യയിലെ യുഎസ് സൈനിക സമവാക്യങ്ങൾ പൂർണമായും ഇസ്രയേൽ കേന്ദ്രീകൃതമാകുന്ന തരത്തിലേക്ക് മാറും.