28/03/2026
[fontresizer_tawhidurrahmandear_widget]

ഇറാൻ്റെ വഴിക്ക് അമേരിക്ക; ഇറാൻ എണ്ണയ്ക്ക് യുഎസ് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുന്നു

 ഇറാൻ്റെ വഴിക്ക് അമേരിക്ക; ഇറാൻ എണ്ണയ്ക്ക് യുഎസ് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുന്നു

വാഷിങ്‌ടൺ: ഇറാൻ-ഇസ്രയേൽ-അമേരിക്ക യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക. കടലിൽ കുടുങ്ങിക്കിടക്കുന്ന 140 ദശലക്ഷം ബാരൽ ഇറാനിയൻ എണ്ണയുടെ മേലുള്ള ഉപരോധം ഉടൻ നീക്കം ചെയ്തേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ വിപണിയിലുണ്ടായ പ്രതിസന്ധി മറികടക്കാനാണ് താൽക്കാലിക ഇളവ്.

നിലവിൽ രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുകയാണ്. ഉപരോധം നീക്കുന്നതോടെ വിതരണം വർദ്ധിപ്പിക്കാനും വില കുറയ്ക്കാനും സാധിക്കുമെന്ന് ട്രംപ് ഭരണകൂടം കണക്കാക്കുന്നു. എന്നാൽ, ഈ നീക്കം ഇറാന് സാമ്പത്തികമായി വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തം രാജ്യത്തെയും സഖ്യകക്ഷികളെയും സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷിക്കാൻ അമേരിക്ക ഇറാൻ്റെ ആവശ്യങ്ങൾക്ക് വഴങ്ങുകയാണെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ ‘തസ്നിം’ പ്രതികരിച്ചു.

അതേസമയം, യുദ്ധമുഖത്ത് പ്രകോപനം തുടരുകയാണ്. മാർച്ച് 18-ന് ഇറാന്റെ സൗത്ത് പാർസ് വാതകപ്പാടത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയെങ്കിലും, ഖത്തറിന്റെ വാതകപ്പാടങ്ങൾ വീണ്ടും ലക്ഷ്യം വെച്ചാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനിടെ, യുദ്ധ ഫണ്ടിനായി കോടിക്കണക്കിന് ഡോളർ അധികമായി ആവശ്യപ്പെടുമെന്ന് പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചതും മേഖലയിലെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

Also read: