28/03/2026
[fontresizer_tawhidurrahmandear_widget]

വ്യോമപ്രതിരോധം പാളിയ ഇസ്രയേലിന് രക്ഷാകരം നീട്ടി ഫോക്‌സ്‌വാഗൺ; കാർ നിർമാണം നിർത്തി അയേൺ ഡോം നിർമിക്കാൻ നീക്കം

 വ്യോമപ്രതിരോധം പാളിയ ഇസ്രയേലിന് രക്ഷാകരം നീട്ടി ഫോക്‌സ്‌വാഗൺ; കാർ നിർമാണം നിർത്തി അയേൺ ഡോം നിർമിക്കാൻ നീക്കം

ബെർലിൻ/തെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് കരുത്തേകാൻ അന്താരാഷ്ട്ര ഓട്ടോമൊബൈൽ ഭീമനായ ഫോക്സ്വാഗൺ. ജർമനിയിലെ ഓസ്നാബ്രൂക്കിലുള്ള തങ്ങളുടെ കാർ നിർമ്മാണ പ്ലാന്റ് മിസൈൽ ഭാഗങ്ങൾ നിർമിക്കുന്ന കേന്ദ്രമാക്കി മാറ്റാൻ ഫോക്സ്‍വാഗണ്‍ തീരുമാനിച്ചതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ പ്രതിരോധ കവചങ്ങളായ അയേൺ ഡോം, ആരോ എന്നിവയ്ക്ക് ആവശ്യമായ നിർണായക ഭാഗങ്ങളാണ് ഇവിടെ നിർമിക്കുക. പശ്ചിമേഷ്യയിൽ ഇറാന്റെ മിസൈലുകൾക്കു മുന്നിൽ ഇസ്രയേൽ പ്രതിരോധ സംവിധാനങ്ങൾ നിരന്തരം പരാജയപ്പെടുകയും എയർ ഡിഫൻസിൽ ക്ഷാമം നേരിടുകയും ചെയ്യുന്നതിനിടെയാണു പുതിയ നീക്കം.

യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൺ തങ്ങളുടെ ചരിത്രത്തിലാദ്യമായാണ് ഒരു പ്രതിരോധ കരാറിൽ ഏർപ്പെടുന്നത്. ജർമനിയിലെ പ്രമുഖ പ്രതിരോധ കമ്പനിയായ ‘റൈൻമെറ്റലുമായി’ ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്രതിസന്ധിയിലായിരുന്ന ഓസ്നാബ്രൂക്ക് പ്ലാന്റിലെ അയ്യായിരത്തോളം തൊഴിലാളികളുടെ ജോലി സംരക്ഷിക്കാനും ഈ നീക്കം സഹായിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കാവശ്യമായ ലോഞ്ചറുകളും ഇന്റർസെപ്റ്റർ ഭാഗങ്ങളുമാകും ഇവിടെ പ്രധാനമായും നിർമിക്കുക.

ഇറാനിൽനിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നേരിടാൻ ഇസ്രയേലിന് വൻതോതിൽ പ്രതിരോധ മിസൈലുകൾ ആവശ്യമാണ്. നിലവിൽ ഇസ്രയേലിലെയും അമേരിക്കയിലെയും ഫാക്ടറികൾക്ക് പുറമെ ജർമനിയിൽ കൂടി ഉത്പാദനം തുടങ്ങുന്നത് ഇസ്രയേലിന് വലിയ ആശ്വാസമാകും. പ്രതിവർഷം നൂറുകണക്കിന് കോടി ഡോളറിന്റെ കരാറാണിതെന്ന് ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. ജർമൻ ചാൻസലറുടെയും ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലാണു പുതിയ നീക്കമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇറാന്റെ മിസൈലുകൾ പലപ്പോഴും ഇസ്രയേലിന്റെ പ്രതിരോധ കവചങ്ങളെ തുളച്ചുകയറുന്ന സാഹചര്യത്തിൽ, അത്യാധുനികമായ പുതിയ ഭാഗങ്ങൾ വേഗത്തിൽ നിർമിച്ചു നൽകുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം. തെൽ അവീവിലെ തന്ത്രപ്രധാന കേന്ദ്രങ്ങൡ ഉൾപ്പെടെ ദിവസവും മിസൈലുകൾ വന്നുപതിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജർമൻ കമ്പനിയുമായി ഇസ്രയേൽ അടിയന്തരമായ കരാറിൽ എത്തിയിരിക്കുന്നത്.

ഫോക്സ്‍വാഗന്റെ ഓസ്നാബ്രൂക്ക് പ്ലാന്റ് ലാഭകരമല്ലാത്തതിനാൽ അടച്ചുപൂട്ടാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രതിരോധ ഉത്പാദനത്തിലേക്ക് മാറുന്നതോടെ പ്ലാന്റ് സജീവമാകുകയും ആയിരക്കണക്കിന് തൊഴിലാളികൾക്ക് പുതിയ പരിശീലനം നൽകി ജോലിയിൽ നിലനിർത്താൻ സാധിക്കുകയും ചെയ്യുമെന്നാണ് കമ്പനി വൃത്തങ്ങൾ അവകാശപ്പെടുന്നത്. ഇസ്രയേലിന് പുറമെ ജർമനിയുടെ തന്നെ വരാനിരിക്കുന്ന വ്യോമ പ്രതിരോധ പദ്ധതികൾക്കും ഈ പ്ലാന്റ് ഉപയോഗപ്പെടുത്തും.

അതേസമയം, ഒരു സിവിൽ വാഹന നിർമാണ കമ്പനി സൈനിക ഉത്പാദനത്തിലേക്ക് മാറുന്നത് ജർമനിയിൽ ചില രാഷ്ട്രീയ ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്. എങ്കിലും നിലവിലെ ആഗോള സാഹചര്യത്തിൽ ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാൻ ജർമനി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.

Also read: