02/03/2026
[fontresizer_tawhidurrahmandear_widget]

അതിജീവനത്തിന്റെ കരുത്തുമായി ‘കേരള മോഡൽ’; വയനാട് പുനരധിവാസ ടൗൺഷിപ്പ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

 അതിജീവനത്തിന്റെ കരുത്തുമായി ‘കേരള മോഡൽ’; വയനാട് പുനരധിവാസ ടൗൺഷിപ്പ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൽപറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ മാതൃകാ പുനരധിവാസ ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയ 178 വീടുകളുടെ താക്കോൽദാനം അദ്ദേഹം നിർവഹിച്ചു. മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റിൽ സജ്ജമാക്കിയ ഈ ടൗൺഷിപ്പ് കേരളത്തിന്റെ കൂട്ടായ്മയുടെയും അതിജീവനത്തിന്റെയും പ്രതീകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തമുഖത്ത് ജാതിമത രാഷ്ട്രീയ ഭേദമന്യേ കേരളം കൈകോർത്തതിനെ മുഖ്യമന്ത്രി പ്രശംസിച്ചു. ലോകത്തിന് മുന്നിൽ കേരളം മാതൃകയാണെന്നും ഇതാണ് യഥാർത്ഥ ‘കേരള സ്റ്റോറി’ എന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

എട്ടുമാസത്തിനുള്ളിലാണ് അതിവേഗത്തിൽ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. ആധുനിക സൗകര്യങ്ങളോടുകൂടിയ 178 വീടുകളാണ് ഇപ്പോൾ കൈമാറിയത്. രണ്ടാം ഘട്ടത്തിൽ 1,000 വീടുകൾ കൂടി നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. വീടുകൾക്കു പുറമെ സ്‌കൂൾ, കമ്മ്യൂണിറ്റി സെന്റർ, ഷോപ്പിംഗ് കോംപ്ലക്‌സ്, കളിസ്ഥലങ്ങൾ എന്നിവയുൾപ്പെടെയുള്ള പൂർണമായ നഗരസൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ദുരന്തസമയത്ത് സഹായഹസ്തവുമായി എത്തിയ ലോകമെമ്പാടുമുള്ള മലയാളികളെയും സന്നദ്ധ സംഘടനകളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. പുനരധിവാസത്തിനായി ഭൂമി വിട്ടുനൽകിയ എസ്റ്റേറ്റ് അധികൃതരെയും നിർമാണ പ്രവർത്തനങ്ങളിൽ രാപ്പകൽ പങ്കാളികളായ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും അദ്ദേഹം പ്രത്യേകം സ്മരിച്ചു.

കേന്ദ്രസഹായം ലഭിക്കുന്നതിലെ കാലതാമസം പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും, എത്ര പ്രതിസന്ധികളുണ്ടായാലും ദുരന്തബാധിതരെ ചേർത്തുനിർത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Also read: