28/03/2026
[fontresizer_tawhidurrahmandear_widget]

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ഒളിച്ച പ്രതി കസ്‌റ്റഡിയിൽ

 യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ഒളിച്ച പ്രതി കസ്‌റ്റഡിയിൽ

ഒല്ലൂർ: തൃശൂർ ഒല്ലൂരിൽ വളർത്തുനായയുടെ പിന്നാലെ റോഡിലേക്കിറങ്ങിയ യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സമീപത്തെ വീട്ടിലെ കിണറ്റിൽ ഇറങ്ങി ഒളിച്ച പ്രതി അപ്പാടൻ തോമസിനെ (65) പോലീസ് സാഹസികമായി പിടികൂടി.

ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിലെ നായ റോഡിലേക്ക് ഓടിയപ്പോൾ അതിനെ തിരികെ വിളിക്കാൻ ഇറങ്ങിയതായിരുന്നു സൗമ്യ. ഈ സമയം കത്തിയുമായി പിന്തുടർന്നെത്തിയ തോമസ് യുവതിയെ ക്രൂരമായി കുത്തിവീഴ്ത്തുകയായിരുന്നു. കുത്തേറ്റ സൗമ്യ അരമണിക്കൂറോളം റോഡിൽ രക്തം വാർന്നു കിടന്നു. പിന്നീട് നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട തോമസിനായി പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് അയൽപക്കത്തെ കിണറ്റിൽ ഇയാൾ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഒല്ലൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് ഇയാളെ പുറത്തെടുത്തത്. നിലവിൽ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അഞ്ചേരിയിലെ ഓട്ടോ ഡ്രൈവറായ തോമസിന് സൗമ്യയോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. പരേതനായ വിൽസന്റെ ഭാര്യയാണ് സൗമ്യ. മക്കൾ: ഏഗ്ന, ആരോൺ. സംസ്കാരം ഇന്ന് നടക്കും.

Also read: