മസാല ദോശയ്ക്ക് ആഗോള ബഹുമതി; ലോകത്തിലെ മികച്ച 50 പാൻ കേക്കുകളുടെ പട്ടികയിൽ
ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട മസാല ദോശയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വൻ അംഗീകാരം. ലോകത്തിലെ ഏറ്റവും മികച്ച 50 പാൻകേക്കുകളുടെ പട്ടികയിൽ ഇന്ത്യയുടെ അഭിമാനമായ മസാല ദോശ ആറാം സ്ഥാനം കരസ്ഥമാക്കി. ആഗോള ഫുഡ് ഗൈഡായ ‘ടേസ്റ്റ് അറ്റ്‌ലസ്’ (Taste Atlas) പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിംഗിലാണ് ഈ നേട്ടം. അരിയും ഉഴുന്നും അരച്ചുണ്ടാക്കുന്ന മാവ് പുളിപ്പിച്ചെടുത്ത് മൊരിയിച്ചെടുക്കുന്ന മസാല ദോശയ്ക്ക് 4.3 സ്റ്റാർ റേറ്റിംഗാണ് ലഭിച്ചത്.
പട്ടികയിൽ മറ്റ് ഇന്ത്യൻ ദോശകളും ഇടംപിടിച്ചിട്ടുണ്ട്. സാധാരണ ദോശ 4.2 റേറ്റിംഗുമായി 15-ാം സ്ഥാനത്തും, ക്രിസ്പിയായ പേപ്പർ ദോശ 4.1 റേറ്റിംഗുമായി 35-ാം സ്ഥാനത്തുമുണ്ട്. ലാത്വിയയിൽ നിന്നുള്ള ‘കാർട്ടുപെലു പങ്കുകാസ്’ ആണ് 4.4 റേറ്റിംഗുമായി ലോകത്തെ ഒന്നാം നമ്പർ പാൻകേക്കായി തിരഞ്ഞെടുക്കപ്പെട്ടത്. ഫ്രാൻസിൽ നിന്നുള്ള ക്രെപ്സ് സുക്രീസ്, ക്ലാസിക് ഫ്രഞ്ച് ക്രെപ്സ് എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ചൈനയുടെ ജിയാൻബിംഗ് ആദ്യ അഞ്ചിൽ ഇടംപിടിച്ചപ്പോൾ, മസാല ദോശ തൊട്ടുപിന്നാലെ ആറാം സ്ഥാനത്തെത്തി ലോകശ്രദ്ധ നേടി. ഉള്ളി, ഉരുളക്കിഴങ്ങ് മസാലകൾ ചേർത്ത് തയ്യാറാക്കുന്ന മസാല ദോശയുടെ രുചി ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്കിടയിൽ തരംഗമാണെന്ന് ഈ റിപ്പോർട്ട് അടിവരയിടുന്നു.