18/04/2026
[fontresizer_tawhidurrahmandear_widget]

കന്നിവോട്ടിന് ഹൽവ കിട്ടിയില്ല; പരാതിപ്പെട്ട 19-കാരന് പാഴ്സലയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

 കന്നിവോട്ടിന് ഹൽവ കിട്ടിയില്ല; പരാതിപ്പെട്ട 19-കാരന് പാഴ്സലയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം: കന്നിവോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാഗ്ദാനം ചെയ്ത ഹൽവ ലഭിക്കാത്തതിൽ പരാതിപ്പെട്ട 19-കാരന് ഒടുവിൽ മധുരമെത്തി. തിരുവല്ല നിയോജക മണ്ഡലത്തിലെ നീരേറ്റുപുറം സ്വദേശിയായ ആരോൺ ഫിലിപ്പ് ആണ് തന്റെ അവകാശം ചോദിച്ചുവാങ്ങിയത്. ചെറിയൊരു ഇടപെടലിലൂടെ കൃത്യമായ മറുപടിയും ഫലവും നേടിയെടുത്ത ആവേശത്തിലാണ് ഈ കന്നിവോട്ടർ.

തെരഞ്ഞെടുപ്പ് ദിവസം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം ആരോൺ ഹൽവയെക്കുറിച്ച് അന്വേഷിച്ചെങ്കിലും, തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ മാത്രമേ വിതരണമുള്ളൂ എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് പരാതി ഇലക്ഷൻ കമ്മീഷനെയും പത്തനംതിട്ട കലക്ടറെയും അറിയിക്കാൻ ആരോൺ തീരുമാനിച്ചത്. പരാതിയുമായി കലക്ടർക്ക് ഇ-മെയിൽ അയച്ച് അരമണിക്കൂറിനുള്ളിൽ തന്നെ അനുകൂല മറുപടി ലഭിച്ചു. പിന്നാലെ അഡീഷണൽ സിഇഒ ആരോണുമായി നേരിട്ട് ബന്ധപ്പെടുകയും ഹൽവ എത്തിച്ചുനൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരോണിന്റെ കോട്ടയത്തെ വിലാസത്തിൽ ഹൽവ പാഴ്‌സലായി എത്തിച്ചേർന്നു.

അതേസമയം, സംസ്ഥാനത്തെ അന്തിമ പോളിങ് ശതമാനം ഇനിയും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. പോസ്റ്റൽ, ഹോം വോട്ടുകൾ ഉൾപ്പെടെ നിലവിൽ 79.63 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇനി 0.2 ശതമാനം വരുന്ന സർവീസ് വോട്ടുകൾ മാത്രമാണ് ചേർക്കാനുള്ളതെന്നും, അന്തിമ കണക്കിലും പോളിങ് 80 ശതമാനം തൊടാൻ സാധ്യതയില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ.

Also read: