‘2018-ലെ പ്രളയം മനുഷ്യനിർമിതം’: ഡാം മാനേജ്മെന്റ് പാളിയെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
ഇടുക്കി: കേരളത്തെ തകർത്ത 2018-ലെ മഹാപ്രളയം ഡാം മാനേജ്‌മെന്റിലെ വീഴ്ചകൾ മൂലം സംഭവിച്ച മനുഷ്യനിർമിത ദുരന്തമാണെന്ന് ആരോപിക്കുന്ന നിർണായക ശബ്ദരേഖ പുറത്ത്. നിലവിലെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടേതെന്ന അവകാശപ്പെടുന്ന ശബ്ദരേഖ മാത്യു കുഴൽനാടൻ എംഎൽഎയാണ് വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടത്. ഡാമുകൾ തുറക്കുന്നതിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കാണിച്ച അഴിമതിയും ഒത്തുകളിയുമാണ് പ്രളയത്തിന് ആക്കം കൂട്ടിയതെന്ന് ശബ്ദരേഖയിൽ പറയുന്നു.
തോട്ടപ്പള്ളി സ്പിൽവേ ഒരു മാസം മുൻപേ തുറക്കേണ്ടിയിരുന്നിട്ടും മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിക്ക് മണൽ ഖനനത്തിന് സൗകര്യമൊരുക്കാൻ വേണ്ടി ബോധപൂർവം വൈകിപ്പിച്ചതായാണ് പ്രധാന ആരോപണം. മണൽ കരാറിലൂടെ കമ്പനിക്ക് 300 കോടി രൂപയുടെ ലാഭമുണ്ടാക്കാൻ അന്നത്തെ ജലസേചന മന്ത്രി മാത്യു ടി തോമസും ഉദ്യോഗസ്ഥരും ഒത്തുകളിച്ചെന്നും എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ടിട്ടും സ്പിൽവേ തുറക്കാൻ അനുമതി നൽകിയില്ലെന്നും ശബ്ദരേഖയിൽ വ്യക്തമാക്കുന്നു. സ്പിൽവേ തുറന്നാൽ താഴെയുള്ള കരിമണൽ ഒലിച്ചുപോകുമെന്നതിനാലാണ് ഇത്തരമൊരു നടപടിയുണ്ടായതെന്ന് മന്ത്രി പറയുന്നതായി ശബ്ദരേഖയിലുണ്ട്.
കൂടാതെ മണിയാർ അണക്കെട്ടിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്വകാര്യ കമ്പനിയെ സഹായിക്കാൻ ജലനിരപ്പ് അമിതമായി ഉയർത്തിയതും ദുരന്തത്തിന് കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചെങ്ങന്നൂരിലുൾപ്പെടെ പ്രളയം രൂക്ഷമാകാൻ കാരണം ഈ അണക്കെട്ടിലെ സൂയിസൈഡ് വാൽവ് തുറന്നതാണെന്നും ഇതിന് പിന്നിൽ ചീഫ് എൻജിനീയറുടെ അഴിമതിയുണ്ടെന്നും ശബ്ദരേഖയിൽ ആരോപിക്കുന്നു. ജനതാദൾ നേതാവിനൊപ്പം ഇടുക്കിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മാത്യു കുഴൽനാടൻ ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.