മാലിയിൽ ചാവേറാക്രമണം; പ്രതിരോധ മന്ത്രി കാര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു
ബമാകോ: മാലിയില്‍ സൈനിക ഭരണകൂടത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ചാവേറാക്രമണം. ആക്രമണത്തിൽ പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള കിറ്റയിലെ സാദിയോ കാമറയുടെ വീടിനു നേരെ നടന്ന കാർ ബോംബ് സ്ഫോടനത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും രണ്ട് പേരക്കുട്ടികളും മരിച്ചതായി കുടുംബാംഗങ്ങളും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാവാദ ഗ്രൂപ്പുകളും വിഘടനവാദികളും ഒരേസമയം നടത്തിയ ഏകോപിത ആക്രമണങ്ങളുടെ ഭാഗമായാണ് ഈ ദാരുണ സംഭവം. ആക്രമണകാരികളുമായി മന്ത്രി വെടിയുതിർക്കുകയും ചിലരെ വധിക്കുകയും ചെയ്തുവെങ്കിലും പരിക്കേറ്റ അദ്ദേഹം പിന്നീട് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. മന്ത്രിയുടെ വസതി പൂർണ്ണമായും തകരുകയും സമീപത്തെ പള്ളി നശിക്കുകയും ചെയ്തു. പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ നിരവധി പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
2020ൽ സൈന്യം അധികാരം പിടിച്ചെടുത്തതിനു ശേഷം മാലി നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണിത്. ജെഎൻഐഎമ്മും തുവാരെഗ് വിമതരുടെ സഖ്യമായ എഫ്എൽഎയും സംയുക്തമായാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്തത്. വടക്കൻ നഗരമായ കിടാൽ തുവാരെഗ് വിമതർ പൂർണമായും പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. പ്രധാന നഗരങ്ങൾ പിടിച്ചടക്കുന്നതിലുപരി സൈന്യത്തിന്റെ ആത്മവിശ്വാസം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങൾ നടക്കുന്നത്. തലസ്ഥാനമായ ബമാകോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനങ്ങൾ കടുത്ത ഭീതിയിലാണ്.വിമാനത്താവളത്തിനു സമീപമുള്ള സെനു ജില്ലയിലും സൈനിക താവളങ്ങളിലും സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ചു.