20/04/2026
[fontresizer_tawhidurrahmandear_widget]

70 കാരന്‍ മരിച്ചു; മൃതദേഹത്തോടൊപ്പം ഒന്നരക്കോടിയുടെ ബെന്‍സും അടക്കം ചെയ്ത് കുടുംബം

 70 കാരന്‍ മരിച്ചു; മൃതദേഹത്തോടൊപ്പം ഒന്നരക്കോടിയുടെ ബെന്‍സും അടക്കം ചെയ്ത് കുടുംബം

കാറുകളോട് കടുത്ത പ്രണയമുണ്ടായിരുന്ന എഴുപതുകാരന്റെ അന്ത്യയാത്രയ്ക്കായി മൃതദേഹത്തോടൊപ്പം ഒന്നരക്കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസും അടക്കം ചെയ്ത് ഒരു കുടുംബം. വടക്കൻ ചൈനയിലെ ലിയോണിങ് പ്രവിശ്യയിലാണ് ലോകത്തെ അമ്പരപ്പിച്ച ഈ സംഭവം നടന്നത്. ഏകദേശം 1.49 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് S450L മോഡൽ കാറാണ് വയോധികന്റെ മൃതദേഹത്തോടൊപ്പം മണ്ണിൽ കുഴിച്ചിട്ടത്. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ‘8888’ എന്ന പ്രത്യേക ലൈസൻസ് പ്ലേറ്റിന് മാത്രം 13.6 ലക്ഷം രൂപയോളം വിലവരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചുവന്ന തുണി പുതപ്പിച്ച കാറിന്റെ വശങ്ങളിലെ കണ്ണാടികളിൽ ചുവന്ന റിബണുകൾ കെട്ടിയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. വാഹനം കുഴിച്ചിടാൻ സഹായിച്ചവർക്ക് കുടുംബം പ്രത്യേക പാരിതോഷികവും നൽകിയിരുന്നു.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളും ചർച്ചകളുമാണ് ഉയരുന്നത്. മരണാനന്തര ജീവിതത്തോടുള്ള അന്ധമായ വിശ്വാസവും സമ്പത്ത് പ്രദർശിപ്പിക്കാനുള്ള വ്യഗ്രതയുമാണ് ഇതെന്നും പ്രകൃതി മലിനീകരണത്തിന് ഇത് കാരണമാകുമെന്നും നെറ്റിസൺസ് കുറ്റപ്പെടുത്തി. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവനോടുള്ള സ്നേഹസൂചകമായാണ് ഇത് ചെയ്തതെന്നാണ് ബന്ധുക്കളുടെ വിശദീകരണം. ഇതേത്തുടർന്ന് പ്രാദേശിക ഭരണകൂടം വിഷയത്തിൽ ഇടപെടുകയും കുടുംബത്തിന്റെ പ്രവൃത്തിയെ ‘ഫ്യൂഡൽ അന്ധവിശ്വാസം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. കുടുംബത്തെ ശാസിച്ച അധികൃതർ അന്വേഷണത്തിന് ഉത്തരവിടുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കുഴിച്ചിട്ട കാർ പുറത്തെടുക്കാനും പ്രദേശം പഴയതുപോലെയാക്കാനും കുടുംബത്തിന് നിർദ്ദേശം നൽകി. ഇതിനായുള്ള ചിലവുകൾക്ക് പുറമെ പിഴയും ശിക്ഷയും ഇവർ അനുഭവിക്കേണ്ടി വരും. സാധാരണയായി ചൈനീസ് പാരമ്പര്യമനുസരിച്ച് വീടുകളുടെയും കാറുകളുടെയും പേപ്പർ മാതൃകകൾ കത്തിക്കാറുണ്ടെങ്കിലും യഥാർത്ഥ കാർ തന്നെ അടക്കം ചെയ്തത് നിയമക്കുരുക്കിന് വഴിവെച്ചിരിക്കുകയാണ്.

Also read: