കൺമുന്നിൽ ഉപ്പയും ഉമ്മയും മുങ്ങിത്താഴ്ന്നു, തനിച്ചായി ഹംന; മകളെക്കണ്ട് കൊതിതീർന്നില്ല, തകർന്ന് ഹനീഫ
നാദാപുരം: കൺമുന്നിൽ ഉപ്പയും ഉമ്മയും പുഴയിൽ മുങ്ങിത്താഴുന്നത് നോക്കിനിൽക്കേണ്ടി വന്ന പത്തു വയസ്സുകാരി ഹംന ഫാത്തിമയുടെ വേദനയിൽ വിറങ്ങലിച്ച് നാദാപുരം. പുളിയാവ് വേവം പുഴയിൽ ഇന്നലെ വൈകീട്ടുണ്ടായ അപകടത്തിൽ അരീക്കുണ്ടിൽ അൻസാർ (44), ഭാര്യ സുഹാദ (38), അൻസാറിന്റെ സഹോദരപുത്രി ഹിസാ മറിയം (8) എന്നിവരാണ് മരിച്ചത്. അലക്കാനായി പുഴയിലെത്തിയ കുടുംബത്തിലെ എട്ടു വയസ്സുകാരി ഹിസ മറിയം ചെളിയിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികളും അപകടത്തിൽപ്പെട്ടത്.
പുഴയോരത്തുണ്ടായിരുന്ന ഹംന ഓടിച്ചെന്ന് നാട്ടുകാരെ വിവരമറിയിച്ചതിനെത്തുടർന്ന് വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനം നടന്നുവെങ്കിലും മൂവരെയും രക്ഷിക്കാനായില്ല. ദുബൈയിൽ നിന്ന് ഒരു മാസം മുൻപ് അവധിക്ക് നാട്ടിലെത്തിയ അൻസാറിന്റെയും സുഹാദയുടെയും ഏക മകളാണ് ഹംന. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഈ കൊച്ചു കുടുംബത്തിന്റെ കളിചിരികളാണ് പുഴയെടുത്തത്.
മകളെ കണ്ട് കൊതിതീരും മുൻപേ വേർപിരിയേണ്ടി വന്ന ഹനീഫയുടെ ദുഃഖം നാടിനെയാകെ ഈറനണിയിക്കുന്നു. രണ്ട് വർഷത്തെ പ്രവാസത്തിന് ശേഷം ഭാര്യയുടെ പ്രസവത്തിനായി മൂന്ന് ദിവസം മുൻപാണ് ഹനീഫ നാട്ടിലെത്തിയത്. ഇന്നലെ രാവിലെ തന്നെ വീട്ടിലേക്ക് കൂട്ടാൻ ആവശ്യപ്പെട്ട് ഹിസ ഉപ്പയെ വിളിച്ചിരുന്നു. “രാവിലെ പോയി അവളെ കൂട്ടിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാകുമായിരുന്നു” എന്നോർത്ത് വിതുമ്പുകയാണ് ഹിസയുടെ ഉപ്പാപ്പ അമ്മദ്.
ദുരന്തവാർത്ത അറിഞ്ഞതോടെ പേരോട് എംഐഎം സ്കൂളിലെ യാത്രയയപ്പ് ചടങ്ങുകൾ റദ്ദാക്കി. ജനപ്രതിനിധികളും വൻ ജനക്കൂട്ടവുമാണ് നാദാപുരം ഗവ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. ഉപ്പയും ഉമ്മയും ഇനി തിരിച്ചുവരില്ലെന്നറിയാതെ തനിച്ചായ ഹംനയെ എങ്ങനെയെന്നറിയാതെ വിങ്ങിപ്പൊട്ടുകയാണ് പ്രദേശം.