04/04/2026
[fontresizer_tawhidurrahmandear_widget]

‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’; പേരാമ്പ്രയിൽ വീണ്ടും വിവാദ അനൗൺസ്മെന്റ്

 ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’; പേരാമ്പ്രയിൽ വീണ്ടും വിവാദ അനൗൺസ്മെന്റ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പേരാമ്പ്രയിൽ വീണ്ടും വിവാദ അനൗൺസ്‌മെന്റ്. നൊച്ചാട് പഞ്ചായത്തിലെ ചാലിക്കരയിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹിലിയക്കെതിരെ എൽഡിഎഫ് നടത്തിയ അനൗൺസ്‌മെന്റ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക്’ എന്ന് പറഞ്ഞ് മുസ്ലീം ലീഗ് വോട്ട് പിടിക്കുന്നു എന്നാണ് എൽഡിഎഫിന്റെ പ്രചാരണം.

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡ് വെച്ച വാഹനത്തിൽ നിന്നാണ് വിവാദമായ അനൗൺസ്‌മെന്റ് ഉയർന്നത്. മുസ്ലീം ലീഗ് മതരാഷ്ട്രീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും മതസഹോദര്യത്തെ തകർക്കുന്ന ഇത്തരം നീക്കങ്ങളെ മതനിരപേക്ഷവാദികൾ ചെറുക്കണമെന്നും അനൗൺസ്‌മെന്റിൽ ആഹ്വാനം ചെയ്യുന്നു. എന്നാൽ, വർഗീയ വിഭജനം ലക്ഷ്യമിട്ട് എൽഡിഎഫ് കള്ളപ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പോലീസിൽ പരാതി നൽകി.

നേരത്തെ ആവളയിലും സമാനമായ പ്രചാരണം നടന്നതായി പരാതി ഉയർന്നിരുന്നു. എന്നാൽ ഇതിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. പരാതിക്കാരന്റെയും ദൃശ്യങ്ങൾ പകർത്തിയ വ്യക്തിയുടെയും മൊഴിയെടുത്തതല്ലാതെ മറ്റ് നടപടികളിലേക്ക് പോലീസ് കടന്നിട്ടില്ല.

വിഷയത്തിൽ പ്രതികരണവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള രംഗത്തെത്തി. സർക്കാർ ഒത്താശയോടെ കേസ് അട്ടിമറിക്കുകയാണെന്നും മുൻപ് നടന്ന കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിന് സമാനമായ രാഷ്ട്രീയ ഗിമ്മിക്കാണ് ഇവിടെയും നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജ പ്രചാരണങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.

Also read: