ചായ വിൽക്കാൻ റോൾസ് റോയ്‌സ്: ഒരു ലക്ഷം മുടക്കിയുള്ള ആഡംബര പരീക്ഷണം; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ!
ഒരു വേറൈറ്റി ആരാണ് ആഗ്രഹിക്കാത്തത്? അത്തരം വെറൈറ്റികളോട് പ്രത്യേക താത്പര്യമുള്ള ഒരു പേജാണ് ‘ഡീലക്സ് ഭയാജി’. വ്യത്യസ്തമായ ഐഡിയകൾ ഉപയോഗിച്ച് ഒരോ കാര്യങ്ങൾ ചെയ്ത് അത് പൊതുസമൂഹത്തിൽ ചെലവഴിച്ച് പണം കണ്ടെത്താൻ ഭയാജീയ്ക്ക് പ്രത്യക കഴിവാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ നിരീക്ഷണം.
ഒരു ലക്ഷം രൂപയ്ക്ക് റോൾസ് റോയ്‌സ് കാർ വാടകയ്‌ക്കെടുത്താണ് ഡീലക്സ് ഭയാജി വഴിയരികിൽ ചായ വിൽക്കാൻ ഇറങ്ങിയത്. വ്യത്യസ്തമായ ഈ പരീക്ഷണത്തിന്റെ വീഡിയോ ഇതിനകം 20 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
ഒരു ലക്ഷം രൂപ നൽകി ആഡംബര കാർ വാടകയ്‌ക്കെടുത്ത ശേഷം ഒരു ചായക്കട ഉടമയുമായി ചേർന്ന് യുവാവ് ബിസിനസ്സ് പ്ലാൻ തയ്യാറാക്കി. കാറിനുള്ളിൽ ഇരുന്ന് ചായ കുടിക്കാമെന്ന ആകർഷകമായ ഓഫർ കണ്ടതോടെ നിരവധി ആളുകൾ കൗതുകത്തോടെ എത്തി. 1000 രൂപ നൽകുന്നവർക്ക് റോൾസ് റോയ്‌സിനുള്ളിൽ ഇരുന്നുള്ള ചായയും ഒപ്പം ഒരു ചെറിയ റൈഡും ഇദ്ദേഹം വാഗ്ദാനം ചെയ്തു. കുടുംബങ്ങളുൾപ്പെടെ നിരവധി പേരാണ് ഈ ‘വിഐപി’ ചായ കുടിക്കാൻ എത്തിയത്. ഉപഭോക്താക്കളെ ആഡംബര കുടയുമായി സ്വീകരിച്ച് പ്രത്യേക കുങ്കുമ ചായയാണ് കാറിനുള്ളിൽ വിളമ്പിയത്.
എന്നാൽ, വീഡിയോ വൈറലാവുകയും വൻ ജനപങ്കാളിത്തം ഉണ്ടാവുകയും ചെയ്തെങ്കിലും സാമ്പത്തികമായി ഈ പരീക്ഷണം വിജയിച്ചില്ല. കാർ വാടകയും മറ്റ് ചെലവുകളും ഉൾപ്പെടെ ആകെ 1,08,000 രൂപ യുവാവിന് ചെലവായി. എന്നാൽ വിൽപ്പനയിലൂടെ ലഭിച്ചതാകട്ടെ 88,400 രൂപ മാത്രമാണ്. ഇതോടെ ഏകദേശം 19,600 രൂപയുടെ നഷ്ടമാണ് ഈ ബിസിനസ്സിലൂടെ ഉണ്ടായത്. ലാഭം ലഭിച്ചില്ലെങ്കിലും ആളുകളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞതിൽ തൃപ്തനാണെന്ന് യുവാവ് വീഡിയോയിൽ പറയുന്നു. കാർ വാടക അല്പം കുറഞ്ഞിരുന്നെങ്കിൽ ഇതൊരു വൻ വിജയമാകുമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.