സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു. മുതുകുട സ്വദേശിനി നബീസ (65) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയ്ക്ക് വീടിനുള്ളിൽ വെച്ച് പാമ്പുകടിയേറ്റത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയ മരുമകനാണ് നബീസയെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ സംസാരശേഷി നഷ്ടപ്പെട്ട നിലയിലായിരുന്ന നബീസയെ ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിനുള്ളിൽ വെച്ച് കടിയേറ്റതിനാലും ലക്ഷണങ്ങൾ പ്രകടമല്ലാതിരുന്നതിനാലും ശംഖുവരയൻ വിഭാഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, കൊല്ലം ജില്ലയിലെ രാമൻകുളങ്ങരയിൽ മറ്റൊരാൾക്കും പാമ്പുകടിയേറ്റു. പരിസരം വൃത്തിയാക്കുന്നതിനിടെ സ്വദേശിയായ സുദേവനാണ് കടിയേറ്റത്. അധികം വിഷമില്ലാത്ത ചുരുട്ട വിഭാഗത്തിൽപ്പെട്ട പാമ്പാണ് ഇദ്ദേഹത്തെ കടിച്ചതെന്ന് സ്ഥിരീകരിച്ചു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ച സുദേവന്റെ ആരോഗ്യനില തൃപ്തികരമാണെന്നും 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.