09/08/2026
[fontresizer_tawhidurrahmandear_widget]

‘രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ തഹസിൽദാർ പണം ആവശ്യപ്പെട്ടു’- ഗുരുതര ആരോപണം

 ‘രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ തഹസിൽദാർ പണം ആവശ്യപ്പെട്ടു’- ഗുരുതര ആരോപണം

കണ്ണൂർ: ചെറുപുഴയിൽ മരിച്ച രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ആംബുലൻസ് ചെലവിലേക്കായി പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടതായി ഗുരുതര ആരോപണം. ചെറുപുഴ പഞ്ചായത്തംഗം അനീഷ് ആന്റണിയാണ് ആരോപണവുമായി രംഗത്തെത്തിയത്. തഹസിൽദാറുടെ നിർദേശപ്രകാരം ചെറുപുഴ റിവർ റാഫ്റ്റിങ് ടീം തനിക്ക് പണം കൈമാറിയെങ്കിലും, വഴിമധ്യേ ആംബുലൻസ് മാറ്റിയതിനെ തുടർന്ന് തുക തിരികെ നൽകിയെന്ന് അനീഷ് വ്യക്തമാക്കി. സംഭവത്തിൽ തഹസിൽദാർക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകും.

നാല് ദിവസം പഴക്കമുള്ള മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ നിന്ന് ഫ്രീസറില്ലാത്ത ആംബുലൻസിലാണ് കൊണ്ടുപോയത്. പിന്നീട് ചാവക്കാട് വെച്ച് ഫ്രീസറിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി പ്രതിഷേധം ശക്തമായി. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.

മൃതദേഹം കൊണ്ടുപോകാൻ എല്ലാ സൗകര്യങ്ങളുമൊരുക്കാൻ നിർദേശിച്ചിരുന്നുവെന്നും പണം ഒരു പ്രശ്നമായിരുന്നില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. എന്നാൽ സ്വകാര്യ ആംബുലൻസുകാർ വലിയ തുക ആവശ്യപ്പെട്ടതുകൊണ്ടാണ് അവ ഒഴിവാക്കിയതെന്നാണ് തഹസിൽദാറുടെ വാദം. വീഴ്ചയുണ്ടായ സംഭവത്തിൽ തഹസിൽദാർ, പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരെ വിളിച്ചുവരുത്തി കളക്ടർ വിശദീകരണം തേടി. അതേസമയം, വിഷയം ഉന്നയിച്ച് തഹസിൽദാർ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി.

Also read: