ഗുജറാത്തിലെ അദാനി പോർട്ട് മുന്ദ്രയിൽ വൻ ലഹരിവേട്ട; 1,100 കോടിയുടെ കൊക്കൈയ്ൻ പിടിച്ചെടുത്തു
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുന്ദ്ര പോർട്ടിന് സമീപം വൻ ലഹരിമരുന്ന് വേട്ട. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) സംയുക്തമായി നടത്തിയ പാതിരാത്രി ഓപറേഷനിൽ ഏകദേശം 115 കിലോഗ്രാം കൊക്കൈയ്ൻ പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഏകദേശം 1,150 കോടി രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദേശ പൗരന്മാരെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു.
ഗുജറാത്ത് എ.ടി.എസ് നൽകിയ കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോസ്റ്റ് ഗാർഡിന്റെ ഇന്റർസെപ്റ്റർ ബോട്ടുകൾ മുന്ദ്ര തീരത്ത് തിരച്ചിൽ നടത്തിയത്. മുന്ദ്ര പോർട്ടിന് പുറത്ത് കടലിൽ നങ്കൂരമിട്ടിരുന്ന ‘എം.വി യൂറോപ്പ്’ എന്ന ചരക്കുകപ്പലിലായിരുന്നു ലഹരിക്കടത്ത്. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയതോടെ, കപ്പലിലുണ്ടായിരുന്ന ജീവനക്കാർ ലഹരിമരുന്ന് അടങ്ങിയ ബാഗുകൾ കടലിലേക്ക് എറിയുകയായിരുന്നു.
രാത്രിയിലെ കുറഞ്ഞ വെളിച്ചത്തിലും കഠിനമായ സാഹചര്യങ്ങളിലും കോസ്റ്റ് ഗാർഡ് സംഘം കടലിൽനിന്ന് ഒഴുകിനടന്ന അഞ്ച് വലിയ ബാഗുകൾ വിജയകരമായി പുറത്തെടുത്തു. ഈ ബാഗുകൾ പരിശോധിച്ചപ്പോഴാണ് ഓരോ കിലോ വീതമുള്ള 115 പാക്കറ്റ് കൊക്കൈയ്ൻ കണ്ടെത്തിയത്. ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇത് കൊക്കൈയ്ൻ ആണെന്ന് സ്ഥിരീകരിച്ചു.
പിടിച്ചെടുത്ത ലഹരിമരുന്ന് ശൃംഖലയ്ക്ക് പിന്നിൽ അന്താരാഷ്ട്ര മാഫിയ ആണെന്ന് ഗുജറാത്ത് ഡി.ജി.പി കെ.എൽ.എൻ റാവു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബ്രസീലിൽനിന്ന് കയറ്റിയ ഈ ലഹരിമരുന്ന് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, മെക്‌സിക്കോ, അമേരിക്ക, പാകിസ്താനിലെ കറാച്ചി എന്നിവിടങ്ങൾ പിന്നിട്ടാണ് ഗുജറാത്ത് തീരത്ത് എത്തിയത്. മുന്ദ്രയ്ക്ക് സമീപം വെച്ച് ഇത് ചെറിയ മത്സ്യബന്ധന ബോട്ടുകളിലേക്ക് മാറ്റി ഡൽഹിയിലേക്ക് എത്തിക്കാനായിരുന്നു പദ്ധതിയെന്ന് അന്വേഷണസംഘം കണ്ടെത്തി.
ലഹരിമരുന്ന് കടത്താൻ അത്യാധുനിക സാങ്കേതികവിദ്യയാണ് സംഘം ഉപയോഗിച്ചിരുന്നത്. പിടിച്ചെടുത്ത പാക്കറ്റുകൾക്കുള്ളിൽനിന്ന് ലഹരിമരുന്നിന്റെ സഞ്ചാരം ട്രാക്ക് ചെയ്യാനായി ഘടിപ്പിച്ച 4 ആപ്പിൾ എയർടാഗുകളും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളും എ.ടി.എസ് കണ്ടെടുത്തു.
കപ്പലിൽ ലഹരിമരുന്ന് ഒളിപ്പിച്ച ടാൻസാനിയൻ പൗരനായ ജുമ നാസിർ ഒമറിനെ കപ്പലിൽനിന്ന് തന്നെ ഉദ്യോഗസ്ഥർ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഡൽഹിയിലെ ദ്വാരകയിൽനിന്ന് ലഹരിമരുന്ന് സ്വീകരിക്കാൻ കാത്തുനിന്ന നൈജീരിയൻ പൗരൻ കെൽവിൻ ചുക്വുമ, ഉഗാണ്ടൻ പൗരൻ ബൈറൂംഗ ജെയിംസ് എന്നിവരെ ഗുജറാത്ത് എ.ടി.എസ്, ഡൽഹി പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. റെയ്ഡിനിടെ കടലിലേക്ക് ചാടി രക്ഷപ്പെട്ട മറ്റൊരു ടാൻസാനിയൻ പൗരനായ ജീവനക്കാരനായി കോസ്റ്റ് ഗാർഡ് കടലിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ ലഹരിമരുന്ന് ബാഗുകൾ കടലിൽ ഒഴുക്കിയിട്ടുണ്ടോ എന്നും ഏജൻസികൾ പരിശോധിക്കുന്നുണ്ട്.