22/04/2026
[fontresizer_tawhidurrahmandear_widget]

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; മൂന്ന് കപ്പലുകൾക്കുനേരെ വെടിവയ്പ്പ്

 ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; മൂന്ന് കപ്പലുകൾക്കുനേരെ വെടിവയ്പ്പ്

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിച്ച് ഇറാന്റെ സൈനിക നീക്കം. ബുധനാഴ്ച രാവിലെ കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് ചരക്കുകപ്പലുകൾക്ക് നേരെ വെടിയുതിർത്ത ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, ഇതിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റി. പിടിച്ചെടുത്തവയിലൊന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം ലക്ഷ്യമാക്കി വരികയായിരുന്ന കപ്പലാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുന്നത്.

ആക്രമണവും പിടിച്ചെടുക്കലും: മുന്ദ്രയിലേക്കുള്ള കപ്പലിന് നാശനഷ്ടം
ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എംഎസ്സിയുടെ കപ്പലുകൾ ഉൾപ്പെട്ട കോൺവോയ്ക്ക് നേരെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ലൈബീരിയൻ പതാക വഹിക്കുന്ന കപ്പലാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് വന്നിരുന്നത്. ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നാരോപിച്ച് കപ്പലിന്റെ മുകൾഭാഗത്തേക്ക് സൈന്യം വെടിയുതിർത്തു. വെടിവെപ്പിൽ കപ്പലിന്റെ നാവിഗേഷൻ സംവിധാനങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തുടർന്ന് സൈന്യം കപ്പലിൽ അതിക്രമിച്ചു കയറുകയും ഇറാൻ തീരത്തേക്ക് നയിക്കുകയുമായിരുന്നു.

മുന്ദ്ര തുറമുഖത്തേക്ക് വന്ന ‘എപാമിനോണ്ടാസ്’ കപ്പൽ നിലവിൽ ഇറാന്റെ കസ്റ്റഡിയിലാണ്. ഇതിലെ ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഒമാൻ ഉൾക്കടലിലേക്ക് പ്രവേശിക്കാൻ ഏതാനും മൈലുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മറ്റൊരു കപ്പലിനെ ഇറാൻ തടഞ്ഞത്. കപ്പലിന്റെ ഹള്ളിലും ജീവനക്കാരുടെ താമസസ്ഥലത്തും വെടിവെപ്പിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നങ്കൂരമിടാൻ നിർദേശിച്ച ശേഷം സൈന്യം കപ്പൽ പിടിച്ചെടുത്തു.

പാനമ പതാക വഹിക്കുന്ന ഈ കപ്പലിന് നേരെയും വെടിവെപ്പുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ ജിദ്ദയായിരുന്നു കപ്പലിന്റെ ലക്ഷ്യസ്ഥാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാവിക നിയമങ്ങൾ ലംഘിച്ചുവെന്നും സിഗ്‌നലുകൾ ഓഫ് ചെയ്ത് രഹസ്യമായി സഞ്ചരിച്ചുവെന്നുമാണ് ഇറാന്റെ ആരോപണം. ഹോർമുസിലെ സമാധാനം തകർക്കാൻ ശ്രമിക്കുന്നത് തങ്ങളുടെ ‘റെഡ് ലൈൻ’ ആണെന്നും ലംഘിക്കുന്നവർക്കെതിരെ ഉരുക്കുമുഷ്ടി ഉപയോഗിക്കുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി.

അടച്ചിടൽ അനിശ്ചിതകാലത്തേക്ക്; ട്രംപിനെ പരിഹസിച്ച് ഇറാൻ
വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ചെങ്കിലും, ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുന്നത് തുടരുമെന്ന അദ്ദേഹത്തിന്റെ നിലപാടാണ് ഇറാനെ പ്രകോപിപ്പിച്ചത്. ഉപരോധം യുദ്ധപ്രഖ്യാപനമായാണ് ഇറാൻ കാണുന്നത്.

അമേരിക്കൻ നാവികസേന ഇറാന്റെ എണ്ണക്കപ്പലുകൾ തടയുന്നതിന് പകരമായി, ഹോർമുസ് വഴി മറ്റ് രാജ്യങ്ങളിലേക്കുള്ള വ്യാപാര കപ്പലുകളെയാണ് ഇറാൻ ലക്ഷ്യംവയ്ക്കുന്നത്. ഇരുരാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധങ്ങൾ കാരണം പശ്ചിമേഷ്യൻ കടലിടുക്കിലെ ഗതാഗതം ഏതാണ്ട് പൂർണമായും നിലച്ച മട്ടാണ്. മുപ്പതോളം കപ്പലുകൾ നിലവിൽ സുരക്ഷാ ഭീഷണി മൂലം നങ്കൂരമിട്ടിരിക്കുകയാണ്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിലയ്ക്കുന്നത് ആഗോള എണ്ണ വിപണിയെയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വ്യാപാരത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. പാകിസ്ഥാന്റെ മധ്യസ്ഥതയിലുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ മേഖലയിൽ വലിയൊരു സ്‌ഫോടനാത്മക സാഹചര്യം ഉടലെടുക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ മുന്നറിയിപ്പ്.

Also read: