04/06/2026
[fontresizer_tawhidurrahmandear_widget]

വാർഡ് വികസനത്തിൽ അവഗണന; ബിജെപി ഭരിക്കുന്ന കോർപറേഷന് മുന്നിൽ തല മൊട്ടയടിച്ച് ബിജെപി വനിത കൗൺസിലറുടെ പ്രതിഷേധം

 വാർഡ് വികസനത്തിൽ അവഗണന; ബിജെപി ഭരിക്കുന്ന കോർപറേഷന് മുന്നിൽ തല മൊട്ടയടിച്ച് ബിജെപി വനിത കൗൺസിലറുടെ പ്രതിഷേധം

ലഖ്നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദ് കോർപറേഷനിൽ വികസന വിവേചനം ആരോപിച്ച് ബിജെപി വനിതാ കൗൺസിലർ തല മൊട്ടയടിച്ച് പ്രതിഷേധിച്ചു. ഫിറോസാബാദ് കോർപറേഷനിലെ ആറാം വാർഡ് കൗൺസിലറായ ഉഷാ ദേവി ശംഖ്റയാണ് പാർട്ടി ഭരണസമിതിയുള്ള കോർപറേഷന് മുന്നിൽ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. തൻ്റെ വാർഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇവർ കോർപറേഷനുള്ളിൽ ധർണയും ഇരുന്നു.

തന്റെ വാർഡിലെ വികസന പ്രവർത്തനങ്ങൾ മനപൂർവം വൈകിക്കുകയാണെന്ന് ഉഷാ ദേവി മുൻപും ആരോപിച്ചിരുന്നു. മേയറുടെ ഭർത്താവ് ഇടപെട്ടാണ് വികസന പ്രവർത്തനങ്ങൾ തടയുന്നതെന്നാണ് കൗൺസിലറുടെ പുതിയ ആരോപണം. ഭരണപക്ഷത്തുനിന്നുള്ള ഈ ആഭ്യന്തര തർക്കം നിലവിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.

പ്രതിഷേധിക്കുന്ന ഉഷാ ദേവിക്ക് പിന്തുണയുമായി മറ്റൊരു ബിജെപി കൗൺസിലറായ മുനേന്ദ്ര യാദവും, കോർപറേഷനിലെ കരാർ ശുചീകരണ തൊഴിലാളി യൂണിയൻ ഭാരവാഹികളും ധർണ്ണയിൽ പങ്കെടുത്തു.

അതേസമയം, കൗൺസിലറുടെ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് മുൻസിപ്പൽ കമ്മീഷണർ പ്രശാന്ത് പ്രതികരിച്ചു. ഉഷാ ദേവിയുടെ വാർഡിലേക്ക് മാത്രമായി ഏകദേശം 64 ലക്ഷം രൂപയുടെ വികസന പദ്ധതികൾ നിർദേശിച്ചിട്ടുണ്ടെന്നും, ഇതിൽ ചില പ്രവർത്തികൾ പൂർത്തിയായതായും ബാക്കിയുള്ളവ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു. സ്വന്തം കൗൺസിലർ തന്നെ പരസ്യമായി രംഗത്തിറങ്ങിയത് ഫിറോസാബാദ് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Also read: