03/06/2026
[fontresizer_tawhidurrahmandear_widget]

‘വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; സന്യാസതുല്യ ജീവിതം നയിക്കുന്ന എന്നെ സ്ത്രീലമ്പടനാക്കി’: ചെറിയാൻ ഫിലിപ്പ്

 ‘വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; സന്യാസതുല്യ ജീവിതം നയിക്കുന്ന എന്നെ സ്ത്രീലമ്പടനാക്കി’: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മിന്നും വിജയത്തിന് പിന്നാലെ കെപിസിസി ആസ്ഥാനത്ത് വെച്ച് മന്ത്രി ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്ത സംഭവത്തിൽ വിശദീകരണവും ഖേദപ്രകടനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. വിജയലഹരിയിൽ പരിസരബോധം മറന്ന് ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതാണെന്നും തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അനൗചിത്യം ഉണ്ടായിട്ടുണ്ടെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

നിർണായക നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാൻ ഇന്ദിരാ ഭവനിലെത്തിയ ബിന്ദു കൃഷ്ണയെ ചെറിയാൻ ഫിലിപ്പ് ബലമായി ആലിംഗനം ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബിന്ദു കൃഷ്ണ ഇത് തട്ടിമാറ്റി മുന്നോട്ട് നടക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വീണ്ടും ആലിംഗനത്തിന് മുതിരുകയായിരുന്നു. ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെയുള്ള മറ്റ് വനിതാ നേതാക്കളെയും ചെറിയാൻ ഫിലിപ്പ് ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

തന്റെ പെരുമാറ്റത്തിൽ ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണ പിന്നീട് വ്യക്തമാക്കിയിരുന്നതായി ചെറിയാൻ ഫിലിപ്പ് പറഞ്ഞു. തന്റേത് പിതൃനിർവിശേഷമായ സ്നേഹപ്രകടനമാണെന്ന് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എം.പി അന്നുതന്നെ പറഞ്ഞിരുന്നുവെന്നും, തികച്ചും സ്വാഭാവികമായ പ്രവർത്തി മാത്രമാണിതെന്ന് ഷാനിമോൾ ഉസ്മാനും പ്രതികരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം തന്റെ കുഞ്ഞനുജത്തിമാരാണെന്നും, ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇവരുമായി സൗഹൃദം പങ്കുവെച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നേരിട്ട സൈബർ ആക്രമണങ്ങളിൽ അദ്ദേഹം കടുത്ത മാനസിക വിഷമം രേഖപ്പെടുത്തി. അരനൂറ്റാണ്ട് മുൻപ് രാഷ്ട്രീയ പീഡനത്തിൽ നട്ടെല്ലിന് ക്ഷതമേറ്റത് മുതൽ ചികിത്സയിൽ കഴിയുന്ന താൻ, ഒറ്റയാനായി സന്യാസ സദൃശമായ ജീവിതമാണ് നയിക്കുന്നത്. എന്നാൽ തന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തിയെന്നും ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തിയെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

Also read: